കഴിഞ്ഞ ഓഗസ്റ്റിലാണ് നേതാക്കൾ അവസാനമായി വിഷയത്തിൽ ചർച്ച നടത്തിയത്
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ഇറാനെതിരായ പ്രതികാര ആക്രമണത്തിനായുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ചാണ് ഇരു നേതാക്കളും ചർച്ച ചെയ്തതെന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റിലാണ് നേതാക്കൾ അവസാനമായി പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയത്.
ഇറാനെതിരെ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇസ്രായേലിൻ്റെ ഭാഗത്ത് അമേരിക്കയായിരുന്നെങ്കിൽ ഇറാനിയൻ എണ്ണപ്പാടങ്ങൾ ആക്രമിക്കുന്നതിന് പകരം മറ്റ് മാർഗങ്ങളെ കുറിച്ച് ചിന്തിക്കുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ ഇസ്രായേലിനെ പിന്തുണയ്ക്കില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതേസമയം ഹിസ്ബുള്ളയെ തുരത്തിയില്ലെങ്കിൽ വിനാശകരമായ യുദ്ധം നടക്കുമെന്ന് ലെബനൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "ഏറ്റവും പ്രിയപ്പെട്ട ലെബനനിലെ ജനങ്ങളേ, പശ്ചിമേഷ്യയിലെ പവിഴമെന്ന് നിങ്ങളെ വിശേഷിപ്പിച്ചിരുന്ന കാലത്തെ കുറിച്ച് ഓർക്കുന്നുണ്ടോ, ഞാൻ ഓർക്കുന്നു. ഇവിടം നശിപ്പിച്ചത് തീവ്രവാദികളാണ്. ഗാസയിലേത് പോലെ നാശത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുന്ന ഒരു നീണ്ട യുദ്ധത്തിലേക്ക് വീഴും മുമ്പ് ലെബനനെ രക്ഷിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ലെബനനിലെ ജനങ്ങളേ, ഞാൻ നിങ്ങളോട് പറയുന്നു, ഈ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയിൽ നിന്ന് സ്വതന്ത്രമാക്കുക," നെതന്യാഹു വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഇസ്രയേൽ നഗരമായ ഹൈഫയിലേക്ക് 135 മിസൈലുകൾ തൊടുത്തുവിട്ട് ഹിസ്ബുള്ള ശക്തമായ ആക്രമണം നടത്തിയിരുന്നു. സൈനിക താവളം ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിക്ക് ഒരാണ്ട് തികഞ്ഞ ദിവസമാണ് ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലിൻ്റെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയിലേക്ക് 135 'ഫാദി 1' മിസൈലുകളാണ് തൊടുത്തുവിട്ടത്.