മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെ അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റം അങ്ങേയറ്റം അപമാനകരമാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി സർക്കാർ വില കുറഞ്ഞ രാഷ്ട്രീയം കളിച്ചുവെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. കേന്ദ്ര സർക്കാർ നടത്തിയ മോശം ക്രമീകരണങ്ങളും മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെ അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റവും അങ്ങേയറ്റം അപമാനകരമാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
നിസാര രാഷ്ട്രീയ കാരണങ്ങളാൽ മുൻ പ്രധാനമന്ത്രിയുടെ വില കുറച്ചുകാട്ടാൻ കേന്ദ്ര സർക്കാരും ബിജെപിയും ശ്രമിച്ചു. മൻമോഹൻ സിങ്ങിനോടുള്ള ഈ അപമാനം പൊറുക്കാനാവില്ല. ശവസംസ്കാര ചടങ്ങിൽ ബിജെപിയും ജെ.പി നദ്ദയും വില കുറഞ്ഞ രാഷ്ട്രീയമാണ് കളിച്ചതെന്നും വേണുഗോപാൽ വിമർശിച്ചു.
"നദ്ദയും ബിജെപിയും മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബിജെപിയുടെ കാപട്യവും വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളും ചൂണ്ടിക്കാണിക്കാൻ ഞങ്ങളെ നിർബന്ധിച്ചു. ഡോ. മൻമോഹൻ സിംഗ് ജിയുടെ ശവസംസ്കാര ചടങ്ങിൽ സർക്കാർ നടത്തിയ മോശം ക്രമീകരണങ്ങളും പെരുമാറ്റവും അങ്ങേയറ്റം അപമാനകരമാണ്. നിസ്സാര രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹത്തിൻ്റെ അന്തസ് കുറച്ചുകാട്ടാൻ സർക്കാർ ശ്രമിച്ചുവെന്ന് മനസിലാകും. മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെ അപമാനിക്കുകയും ഡോ. സിംഗിൻ്റെ മഹത്വത്തിന് യോജിച്ച മാന്യതയും പ്രോട്ടോക്കോളും പൂർണ്ണമായും ഇല്ലാതാക്കുന്ന നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഡോ. മൻമോഹൻ സിങ്ങിനോടുള്ള ഈ കടുത്ത അപമാനം അംഗീകരിക്കാനാവില്ല," കെ.സി. വേണുഗോപാൽ എക്സിൽ കുറിച്ചു.
ALSO READ: നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു; 3 പേർക്ക് പരുക്ക്