പെരിയ കേസ് കേരള പൊലീസ് നല്ല രീതിയിൽ അന്വേഷിച്ചുവെന്നും എ.കെ. ബാലൻ പറഞ്ഞു
പെരിയ ഇരട്ടക്കൊലപാതക കേസില്‍ പാർട്ടിക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. നിയമപരമായ നടപടിയാണ് ഉണ്ടായത്. തമ്മിൽ കൊല്ലുന്ന കോൺഗ്രസ് ആണ് കൊലയാളി പാർട്ടി. പെരിയ കേസ് കേരള പൊലീസ് നല്ല രീതിയിൽ അന്വേഷിച്ചുവെന്നും എ.കെ. ബാലൻ പറഞ്ഞു. വിധിക്ക് ശേഷം മറുപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധി. 10 പേരെ കുറ്റവിമുക്തരാക്കി. കൊച്ചി സിബിഐ കോടതിയുടേതാണ് വിധി. 20-ാം പ്രതിയായ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2023 ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
സിപിഎം നേതാക്കള്‍ ഉൾപ്പെടെ 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍, ഒന്നാം പ്രതി എ. പീതാംബരന്‍ (മുൻ പെരിയ എൽസി അംഗം), രണ്ടാം പ്രതി സജി സി. ജോര്‍ജ് (സജി), മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍ കുമാര്‍ (അബു), അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ആര്‍. ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ. അശ്വിന്‍ (അപ്പു), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത് (അപ്പു), പതിനാലാം പ്രതി കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ (വിഷ്ണു സുര), 20-ാം പ്രതി കെ.വി. കുഞ്ഞിരാമന്‍ (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), 21-ാം പ്രതി രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), 22-ാം പ്രതി കെ. വി. ഭാസ്കരന്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറു പേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്. 9,11,12,13,16,18,17,19, 23, 24 പ്രതികളെയാണ് കുറവിമുക്തരാക്കിയിരിക്കുന്നത്.
ALSO READ: കഴിഞ്ഞ തിങ്കളാഴ്ച മാത്രം നേടിയത് 9.22 കോടി രൂപ; റെക്കോർഡ് നേട്ടത്തിൽ കെഎസ്ആർടിസി
2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് പിടികൂടിയപ്പോള്‍ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.