fbwpx
ഇനി ഡബിൾ എഞ്ചിൻ സർക്കാർ; ബിജെപിക്ക് ഈ ഇന്ദ്രപ്രസ്ഥഭരണം അതിരുകളില്ലാത്ത ആനന്ദത്തിന്‍റേത്
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Feb, 2025 07:59 PM

അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും തോറ്റ ഈ തെരഞ്ഞെടുപ്പ് ആംആദ്മി പാർട്ടിയുടെ അസ്തിവാരമാണ് ഇളക്കിയത്

NATIONAL


ഡൽഹിയിലിരുന്ന് ഡൽഹിയും ഇന്ത്യയും ഇനി ബിജെപി ഭരിക്കും. പത്തുവർഷത്തെ ഭരണമുണ്ടാക്കിയ വിരുദ്ധവികാരവും മുഖ്യമന്ത്രിവരെ ജയിലിലായ അഴിമതിക്കേസും ആംആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമടക്കം തോറ്റു. അതേസമയം, ആംആദ്മി പാർട്ടി വിരുദ്ധ തരംഗത്തിലും മുഖ്യമന്ത്രി അതീഷി സിങ് വിജയിച്ചു.


ബിജെപിക്ക് ഈ ഇന്ദ്രപ്രസ്ഥഭരണം അതിരുകളില്ലാത്ത ആനന്ദത്തിന്‍റേതാണ്. കഴിഞ്ഞ 10 വർഷവും പ്രധാനമന്ത്രി മോദിക്ക് ഏറ്റവും അസ്വസ്ഥതയുണ്ടാക്കിയ സാന്നിധ്യമായിരുന്നു കെജ്‌രിവാളിന്‍റേത്. സ്വാതന്ത്ര്യാനന്തരം ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ജനസംഘം കരുത്തുതെളിയിച്ച സംസ്ഥാനം. അവിടെ കാൽനൂറ്റാണ്ടായി അധികാരം ഇല്ലാതെ പോകുന്നത് പ്രധാനമന്ത്രിയെ അടക്കം മുൾമുനയിലാക്കിയിരുന്നു. ഡൽഹിയിൽ അസംഖ്യം റാലികൾ നടത്തിയ പ്രധാനമന്ത്രി തന്നെ അതിനാൽ വിജയാഘോഷത്തിനും മുന്നിട്ടിറങ്ങി.


ALSO READ: ന്യൂ ഡൽഹിയിലെ ഗോലിയാത്ത്; ആരാണ് കെജ്‌രിവാളിന്‍റെ പരാജയത്തിന് കാരണമായ ആ കോണ്‍ഗ്രസ് സ്ഥാനാർഥി?



അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും തോറ്റ ഈ തെരഞ്ഞെടുപ്പ് ആംആദ്മി പാർട്ടിയുടെ അസ്തിവാരമാണ് ഇളക്കിയത്. അധികാരം കിട്ടില്ല എന്ന സാധ്യത നേരത്തെ ഉണ്ടായിരുന്നെങ്കിലും കെജ്‌രിവാളിന്‍റേയും സിസോദിയയുടേയും തോൽവി അപ്രതീക്ഷിതമായിരുന്നു. ഇത് ബിജെപി നടത്തിയ തയ്യാറെടുപ്പുകളുടെ കൂടി ഫലമാണ്. എത്രയൊക്കെ സമ്മർദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചില്ല. അതോടെ നരേന്ദ്ര മോദിയായി ഡൽഹിയിൽ ബിജെപിയുടെ മുഖം. അഴിമതിക്കു ജയിലിൽ കിടന്ന, യമുന ശുദ്ധീകരിക്കാൻ കഴിയാത്ത കെജ്‌രിവാൾ എന്ന ബിജെപി പ്രചാരണമാണ് അവിടെ ജയിച്ചത്. ഹിന്ദുവോട്ടുകൾക്കായി നടത്തിയ സനാതന ധർമ നീക്കങ്ങൾ ആംആദ്മി പാർട്ടിക്ക് ഉറപ്പായും കിട്ടുമായിരുന്ന മുസ്ലിം വോട്ടുകൾ കൂടി നഷ്ടപ്പെടുത്തി.


മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മുസ്തഫാബാദാണ് ഏറ്റവും വലിയ ഉദാഹരണം. അവിടെ ആംആദ്മി പാർട്ടിയും കോൺഗ്രസും കൂടാതെ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും മത്സരിച്ചു. ജയിലിൽ കിടന്നു മത്സരിച്ച പഴയ ആംആദ്മി പാർട്ടി കൗൺസിലർ കൂടിയായ താഹിർ ഹുസൈൻ മൂന്നാം സ്ഥാനത്തായെങ്കിലും 33,474 വോട്ടാണ് പിടിച്ചത്. ഹിന്ദു സ്ഥാനാർഥിയെ നിർത്തി ന്യൂനപക്ഷമായ ഹിന്ദുവോട്ടുകൾ ഏകീകരിച്ച് ബിജെപി ജയിച്ചു. ഓരോ മണ്ഡലത്തിലും ഇങ്ങനെ വേറിട്ട തന്ത്രം നടപ്പാക്കി ബിജെപി. ഇനി ഒരു തിരിച്ചു വരവ് അസാധ്യമോ എന്നു തോന്നിക്കുന്നത് കോൺഗ്രസിനാണ്.


ALSO READ: ആധിപത്യമുണ്ടായിരുന്ന മുസ്ലിം പ്രദേശങ്ങളിൽ പോലും എഎപി വോട്ടിൽ വിള്ളൽ വീണു; 11 മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിച്ച് ബിജെപി


15 വർഷം ഷീലാദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന ഡൽഹിയിൽ കോൺഗ്രസ് നിഷ്പ്രഭമായതിന് ഒരു കാരണം കൂടിയുണ്ട്. കെജ്‌രിവാളിനെതിരേ ഷീലാ ദീക്ഷിതിന്‍റെ മകനെ മത്സരിപ്പിച്ചു നൽകിയ സന്ദേശം. ഡൽഹിയിൽ കോൺഗ്രസിന് എതിരാളി ബിജെപി അല്ലെന്നുള്ള പ്രഖ്യാപനമായിരുന്നു അത്. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗേയുമെല്ലാം മുഴത്തിനു മുഴം നിന്ന് കുറ്റം പറഞ്ഞതും പരിഹസിച്ചതും കെജ്‌രിവാളിനെ ആയിരുന്നു. ഇൻഡ്യ കൂട്ടായ്മ ഫലപ്രദമായിരുന്നെങ്കിൽ ഡൽഹിയിലെ 10 മണ്ഡലങ്ങളിലെങ്കിലും ഫലം മറ്റൊന്നാകുമായിരുന്നു.

ഒറ്റയ്ക്കു ഭൂരിപക്ഷം ഇല്ലാതെ അധികാരത്തിൽ വന്നതാണ് മൂന്നാം നരേന്ദ്രമോദി സർക്കാർ. ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്ര. ഇപ്പോൾ രാജ്യ തലസ്ഥാനമായ ഡൽഹി. ലോക്സഭയിൽ ഒന്നിച്ചാണ് എന്നു പറയുമ്പോഴും സംസ്ഥാനങ്ങളിൽ ഭിന്നിച്ചു നിൽക്കുന്ന മുന്നണിയാണ് ഇൻഡ്യ. അതുതന്നെയാണ് ബിജെപിയ്ക്കു ശക്തി പകരുന്നതും.

MALAYALAM MOVIE
എമ്പുരാന്‍ വിജയിക്കേണ്ടത് ഇന്‍ഡസ്ട്രിയുടെ ആവശ്യം: ദിലീഷ് പോത്തന്‍
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
കോടികള്‍ മുടക്കിയുള്ള പദ്ധതികളെല്ലാം പാഴാകുന്നു; കാട്ടാന ഭീതിയില്‍ ജീവിതം തള്ളി നീക്കി ആറളത്തെ ജനങ്ങള്‍