കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേയ്ക്ക് പറക്കേണ്ടിയിരുന്ന അലയൻസ് വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്
കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് പറക്കേണ്ടിയിരുന്ന അലയൻസ് വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് ഭീഷണിസന്ദേശം എത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഇതോടെ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി.
ഇന്ന് രാവിലെ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ഭീഷണിസന്ദേശം എത്തിയിരുന്നു. 189 യാത്രക്കാരുമായി പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന് ഇ-മെയിൽ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. പിന്നീട് സുരക്ഷിതമായി ജയ്പൂരിൽ ഇറക്കുകയായിരുന്നു. തുടർച്ചയായി ബോംബ് ഭീഷണികൾ ഉയരുന്നതോടെ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11 വിമാന സർവീസുകളെയാണ് ബോംബ് ഭീഷണി ബാധിച്ചത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാൽ വിമാനങ്ങൾ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാവുകയാണ്.