തുടർച്ചയായ ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രവ്യോമയാന വകുപ്പ് അടിയന്തര യോഗം വിളിച്ചുചേർത്തു. തുടർച്ചയായി വ്യാജസന്ദേശം അയക്കുന്നവരിൽ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്
രാജ്യത്ത് വീണ്ടും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഉയർന്നു. ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ എന്നിവയ്ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് ഇരുവിമാനങ്ങളും ഡൽഹിയിലും അഹമ്മദാ ബാദിലും അടിയന്തര ലാൻഡിംഗ് നടത്തി.
കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്ത് 12 വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം തീർത്തും വഷളായ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. തുടർച്ചയായ ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രവ്യോമയാന വകുപ്പ് അടിയന്തര യോഗം വിളിച്ചുചേർത്തു. തുടർച്ചയായി വ്യാജസന്ദേശം അയക്കുന്നവരിൽ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് കേന്ദ്രനീക്കം.
ALSO READ: വീണ്ടും ബോംബോ! എയർ ഇന്ത്യക്ക് പിന്നാലെ രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണി
വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് നേരത്തെ സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയിരുന്നു. സംഭവത്തിൽ നിണായകമായ സൂചനകൾ ലഭിച്ചതായി വ്യോമയാന ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. രാജ്യത്തെ വിമനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്ന വിഷയം പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ ചർച്ചയായി. ടിക്കറ്റ് നിരക്കുകൾ, പ്രാദേശിക വിമാന കണക്റ്റിവിറ്റി സർക്കാരിൻ്റെ ഉഡാൻ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും കമ്മിറ്റി ചർച്ച ചെയ്തു.
ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം (എ.െഎ.-127), ജയ്പുർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്-765), ദർബംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയർ വിമാനം (ക്യു.പി.-1373), ദമാം-ലഖ്നൗ ഇൻഡിഗോ വിമാനം(6 ഇ-98), അമൃത്സർ-ദെഹ്‌റാദൂൺ അലയൻസ് എയർ (9എൽ-650) എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ALSO READ: വീണ്ടും ബോംബ് ഭീഷണി: ന്യൂഡൽഹി- ചിക്കാഗോ എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് തിരിച്ചു വിട്ടു
ബോംബ് ഭീഷണിയെത്തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. അതേ തുടർന്ന് തന്നെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഒരു എക്സ് അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേ ഹാൻഡിലിൽ നിന്ന് അതേ ദിവസം തന്നെ ഏഴു വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനത്തിനും ഒരു എയർ ഇന്ത്യ വിമാനത്തിനും ഭീഷണി ഉയർന്നിരുന്നു. എയർ ഇന്ത്യ വിമാനം മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കും ഇൻഡിഗോ വിമാനങ്ങൾ ഒമാനിലേക്കും സൗദി അറേബ്യയിലേക്കും പോകുകയായിരുന്നു.