മുംബൈ ബദ്‌ലാപൂരിൽ രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അക്ഷയ് ഷിൻഡെയാണ് വെടിയേറ്റ് മരിച്ചത്
മഹാരാഷ്ട്ര ബദ്‌ലാപൂർ ബലാത്സംഗക്കേസിൽ പ്രതിയെ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ വിമർശിച്ച് ബോംബെ ഹൈക്കോടതി. പിസ്റ്റളിന്റെ സ്ലൈഡർ പോപ്പ് ചെയ്യുന്നതിന് ശക്തി ആവശ്യമാണ്, പരിശീലനം ലഭിക്കാത്ത സാധാരണക്കാരൻ ഇത് ചെയ്‌തെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല എന്ന് കോടതി പറഞ്ഞു. നിയമവാഴ്ചയാണ് നിലനിൽക്കേണ്ടത്. എന്നാൽ ഈ കേസിൽ ആരാണ് കുറ്റക്കാരനെന്ന് തീരുമാനിക്കുന്നത് പൊലീസ് ആണ്. ഇത് ഒരു തെറ്റായ മാതൃകയാണെന്നും കോടതി കുറ്റപ്പെടുത്തി.
മുംബൈ ബദ്‌ലാപൂരിൽ രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അക്ഷയ് ഷിൻഡെയാണ് വെടിയേറ്റ് മരിച്ചത്. തൻ്റെ മകനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നും പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഷിൻഡെയുടെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംഭവത്തിന് ഒരു ദിവസം മുമ്പ് അക്ഷയ് ഷിൻഡെയെ കണ്ടിരുന്നുവെന്നും പൊലീസ് ആരോപിക്കുന്ന പ്രവൃത്തികളൊന്നും ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല മകൻ എന്നുമാണ് ഹർജിയിൽ മാതാപിതാക്കൾ പറയുന്നത്.
ALSO READ: ബദ്‌ലാപൂർ ബലാത്സംഗക്കേസ്: പ്രതിയെ വെടിവച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
പ്രതിയെ കാൽമുട്ടിന് താഴെയാണ് വെടിവെക്കേണ്ടത്. പ്രതികളെ കീഴടക്കാൻ പോലീസിന് കഴിയില്ലേ? പ്രതി മൂന്ന് തവണ വെടിയുതിർക്കുന്നതുവരെ പൊലീസുകാർ എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു. പ്രതി ഒരു ഭാരമുള്ള ആളായിരുന്നില്ല. പൊലീസിന് അയാളെ എളുപ്പത്തിൽ കീഴടക്കാമായിരുന്നു. ഇതിനെ ഒരു ഏറ്റുമുട്ടലായി വിശേഷിപ്പിക്കാനാവില്ലെന്നും, ഇത് ഏറ്റുമുട്ടലല്ലെന്നും കോടതി വ്യക്തമാക്കി. റൂട്ടിലെ സിസിടിവി ക്യാമറകൾ പരിശോധിക്കണമെന്നും, അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.