സ്വകാര്യ ആശുപത്രിയിലും, ഹോമിയോ, ആയുർവേദ ചികിത്സ കേന്ദ്രങ്ങളിലുമായി പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ ശരാശരി രോഗബാധിതരുടെ എണ്ണം 1000ന് മുകളിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കോഴിക്കോട് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ജനുവരി ഒന്നു മുതൽ പത്ത് വരെ വിവിധ ആശുപത്രികളിലായി 4698 പേർ പനിബാധിച്ച് ചികിത്സ തേടി. കാലാവസ്ഥ വ്യതിയാനമാണ് പനിബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
ദിനംപ്രതി 500ലധികം പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രമായി ചികിത്സ തേടുന്നത്. ഇതിൽ സ്വകാര്യ ആശുപത്രിയിലും, ഹോമിയോ, ആയുർവേദ ചികിത്സ കേന്ദ്രങ്ങളിലുമായി പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ ശരാശരി രോഗബാധിതരുടെ എണ്ണം 1000ന് മുകളിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ശക്തമായ പനി, ജലദോഷം, ചുമ, കഫക്കെട്ട്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് പലരും ആശുപത്രികളിൽ എത്തുന്നത്.
Also Read; കരാറുകാരുടെ സമരം തുടരുന്നു; സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്
കുട്ടികൾക്കിടയിലും, പ്രായമായവർക്കിടയിലും പനിവ്യാപനം കൂടുതലാണ്. മഞ്ഞും വെയിലും മാറിമാറി വന്നതോടെയാണ് പനി ഇത്രയധികം വ്യാപിക്കാൻ കാരണമായത്. പുലർച്ചെയും, രാത്രിയും മഞ്ഞും പകൽ കനത്ത ചൂടുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥയിലെ ഈ മാറ്റംകൊണ്ട് തന്നെ പനിയടക്കമുള്ള രോഗങ്ങൾ ഭേദമാകാൻ സമയമെടുക്കും.
എച്ച്.എം.പി.വി വൈറസ് പനി പടരുന്ന സാഹചര്യം കൂടെ ഉള്ളതിനാൽ പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. പനിക്ക് പുറമെ ജില്ലയിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും വ്യാപകമാണ്. ഒരാഴ്ചയ്ക്കിടെ മാത്രം 61 പേരാണ് മഞ്ഞപ്പിത്ത ബാധിതരായത്. 12 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.