ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് 2009 ലാണ് ബ്രിക്സ് രൂപികരിക്കുന്നത്
വികസ്വര രാജ്യങ്ങളുടെ ഗ്രൂപ്പായ ബ്രിക്സിൽ അംഗത്വം നേടി ഇന്തോനേഷ്യ. ബ്രിക്സിൻ്റെ അധ്യക്ഷത വഹിക്കുന്ന ബ്രസീലാണ് ഇക്കാര്യം അറിയിച്ചത്. 2023ൽ ജോഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇന്തോനേഷ്യയുടെ അംഗത്വത്തിനു മറ്റു രാജ്യങ്ങൾ അംഗീകാരം നൽകിയിരുന്നു.
എന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാഷ്ട്രമായ ഇന്തോനേഷ്യ 2024ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനു ശേഷമാണ് ബ്രിക്സിൽ ചേരുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് 2009 ലാണ് ബ്രിക്സ് രൂപികരിക്കുന്നത്. 2010ൽ ദക്ഷിണാഫ്രിക്കയും ചേർന്നു. ഇതിലേക്കാണ് ഇപ്പോൾ ഇന്തോനേഷ്യയും എത്തുന്നത്.
മറ്റ് വികസ്വര രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായാണ് ബ്രിക്‌സ് എന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നീതി പൂർണവും സമാധാനപരവും സമൃദ്ധവുമായ ലോകം യാഥാർഥ്യമാക്കുന്നതിന് ബ്രിക്‌സ് അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്നും ഇന്തോനേഷ്യ പറഞ്ഞു.