സാമിന് 12ഉം തനിക്ക് മൂന്നും വയസ്സുമുള്ളപ്പോൾ തുടങ്ങിയ പീഡനം, ഇയാൾ പ്രായപൂർത്തിയാകുന്നതുവരെ തുടർന്നുവെന്ന് 30 കാരിയായ ആൻ ഓൾട്‍മൻ പറയുന്നു
ഓപ്പൺഎഐ സിഇഒ സാം ഓൾട്‍മനെതിരെ ലൈംഗികാരോപണവുമായി സഹോദരി ആൻ ഓൾട്‍മൻ. 1997 നും 2007 നും ഇടയിൽ സഹോദരനായ സാം ഓൾട്‍മൻ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് ആൻ ആരോപിക്കുന്നത്. ലൈംഗിക അധിക്ഷേപം തനിക്ക് കടുത്ത വൈകാരിക, മാനസിക വേദനയുണ്ടാക്കിയെന്നും ആൻ പറഞ്ഞു. എന്നാൽ സഹോദരിയുടെ ആരോപണം നിഷേധിച്ച് സാം ഓൾട്‍മനും കുടുംബവും രംഗത്തെത്തി.
ആനിൻ്റെ പരാതിയിൽ മിസൂറിയിലെ ഡിസ്ട്രിക്റ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സാമിന് 12ഉം തനിക്ക് മൂന്നും വയസ്സുമുള്ളപ്പോൾ തുടങ്ങിയ പീഡനം, ഇയാൾ പ്രായപൂർത്തിയാകുന്നതുവരെ തുടർന്നുവെന്ന് 30 കാരിയായ ആൻ ഓൾട്‍മൻ പറയുന്നു. ഇത് ആജീവനാന്തം കടുത്ത വൈകാരിക മാനസിക ആഘാതത്തിനും കാരണമായെന്നു ആൻ അവകാശപ്പെടുന്നു. നിയമനടപടിക്കൊപ്പം 75,000 ഡോളറോളം നഷ്ടപരിഹാരവും ആൻ ആവശ്യപ്പെട്ടു.
എന്നാൽ സഹോദരിയുടെ ആരോപണം നിഷേധിച്ച് സാം ഓൾട്‍മനും കുടുംബവും രംഗത്തെത്തി. അമ്മ കാനി ഓൾട്‍മൻ, സഹോദരങ്ങളായ മാക്സ്, ജാക്ക് എന്നിവർക്കൊപ്പം എക്സിലാണ് ഓൾട്‍മൻ കുറിപ്പെഴുതിയത്. സഹോദരി മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം.
"ഞങ്ങളുടെ കുടുംബം ആനിനെ സ്നേഹിക്കുന്നു, അവളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന ഒരു കുടുംബാംഗത്തെ പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ കുടുംബത്തെക്കുറിച്ച്, പ്രത്യേകിച്ച് സാമിനെക്കുറിച്ച് ആൻ വളരെ വേദനാജനകവും തികച്ചും അസത്യവുമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവളുടെ സ്വകാര്യതയോടും ഞങ്ങളുടെ സ്വകാര്യതയോടും ഉള്ള ബഹുമാനം കൊണ്ടാണ് ഞങ്ങൾ പരസ്യമായി പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ അവൾ ഇപ്പോൾ സാമിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്," കുടുംബം പറയുന്നു. ആൻ കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടരുകയാണെന്നും വർഷങ്ങളായി തീർത്തും അസത്യമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നുമാണ് കുടുംബത്തിൻ്റെ പക്ഷം.