കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതോടെയാണ് അപകടമുണ്ടായത്
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് നാല് മരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് തിക്കും തിരക്കുമുണ്ടായത്. ഏകാദശി ദർശന ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചു. ഇതോടെ തിരക്ക് അനിയന്ത്രിതമാവുകയും, അപകടമുണ്ടാവുകയുമായിരുന്നു.
ആയിരക്കണക്കിന് ഭക്തരാണ് ഏകദശി ദർശനത്തിന് ടോക്കണെടുക്കാൻ ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. നാളെ പുലർച്ചെ അഞ്ചുമണിക്ക് ടോക്കൺ വിതരണം ചെയ്യാനിരുന്ന ടോക്കണുകൾക്കായാണ് ഭക്തജനങ്ങൾ ക്യൂവിൽ നിന്നത്. കൂപ്പണ്‍ വിതരണ കൗണ്‍റിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാഞ്ഞത് അപകടത്തിൻ്റെ ആഘാതം കൂട്ടി.
കൗണ്ടറിൽ ടോക്കൺ എടുക്കുന്നതിനിടെ 60ഓളം പേർ മീതയ്ക്ക് മേൽ വീണതായി ദൃക്‌സാക്ഷികൾ പറയുന്നു. ആംബുലൻസ് ഡ്രൈവർമാരെത്താതായത് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടാക്കിയതായി നാട്ടുകാർ ആരോപിച്ചു. പരുക്കേറ്റവരെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.