ധനമന്ത്രിയുടെ പ്ലാൻ ബി എന്നത് പദ്ധതികൾ വെട്ടിക്കുറയ്ക്കലാണെന്നും വി.ഡി. സതീശൻ പരിഹസിച്ചു
സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ബജറ്റ് പൊള്ളയായ വാക്കുകൾ കൊണ്ടുള്ള നിർമിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി വെട്ടിക്കുറയ്ക്കലിനേയും കടബാധ്യത തീർക്കാനുള്ള നടപടികൾ വിശദീകരിക്കാത്തതിനെയും പ്രതിപക്ഷ നേതാവ് കടുത്ത ഭാഷയിൽ വിമർശിച്ചു. ധനമന്ത്രിയുടെ പ്ലാൻ ബി എന്നത് പദ്ധതികൾ വെട്ടിക്കുറയ്ക്കലാണെന്നും ഇത് ആളുകളെ കബളിപ്പിക്കലാണെന്നും സതീശൻ പറഞ്ഞു.
"നിലവിലെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള യാതൊരു പരിഗണനയുമില്ലാതെ പൊള്ളയായ വാക്കുകൾ കൊണ്ടുള്ള നിർമിതിയാണ് ബജറ്റാണിത്. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് പുതിയ രീതികളും വ്യത്യസ്ഥമായതും വേഗതയേറിയതുമായ ഔട്ട് ഓഫ് ദി ബോക്സ് പദ്ധതി മാതൃകകൾ സ്വീകരിക്കുമെന്നാണ്. ധനമന്ത്രിയുടെ പ്ലാൻ ബി എന്നത് പദ്ധതികൾ വെട്ടിക്കുറയ്ക്കലാണ്. പ്ലാനിൽ ഗൗരവതരമായ വെട്ടിക്കുറയ്ക്കൽ നടത്തിയിട്ട് വീണ്ടും പ്ലാൻ അലോക്കേഷനെ കുറിച്ച് പറയുന്നതിൻ്റെ വിശ്വാസ്യത എന്താണ്?," പ്രതിപക്ഷ നേതാവ് ചോദിച്ചു.
"15,000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വർഷം വെട്ടിച്ചുരുക്കിയത് എന്ന് നിങ്ങൾ അറിയണം. നിയമസഭ ധനാഭ്യർഥനയിലൂടെ പാസാക്കിയ പണം, എക്സിക്യൂട്ടീവ് ഓർഡറിലൂടെയാണ് നിയമം ലംഘിച്ച് വെട്ടിക്കുറച്ചത്. ഭരണഘടനാ ലംഘനമാണ് സർക്കാർ നടത്തിയത്. ന്യൂനപക്ഷ സ്കോളർഷിപ്പുകളും പട്ടികജാതി, പട്ടിക വർഗ പദ്ധതികളിൽ വ്യാപക വെട്ടിക്കുറയ്ക്കൽ ഉണ്ടായി. ഈ ബജറ്റിൽ തദ്ദേശ ഫണ്ടുകളും വെട്ടിക്കുറച്ചു," വി.ഡി. സതീശൻ വിമർശിച്ചു.
ALSO READ: Kerala Budget 2025 | വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ
"കടബാധ്യത തീർക്കാനുള്ള അലോക്കേഷൻ പോലും ഈ ബജറ്റിൽ ഇല്ല. പിന്നെ എങ്ങനെയാണ് ഈ ബജറ്റ് പ്രവർത്തിക്കുക? പഴയത് തന്നെ ആവർത്തിക്കുകയാണ്, കഴിഞ്ഞ 24 വർഷത്തിനിടയിൽ ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു ബജറ്റ് കാണുന്നത്. വിവിധ വകുപ്പുകളിലേക്ക് വന്ന ഫയലുകൾ, എഡിറ്റ് പോലും ചെയ്യാതെ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തത്. കൃത്യമായ ബജറ്റിൻ്റെ രൂപത്തിൽ പോലുമല്ല അവതരിപ്പിച്ചത്. ഒരു കാര്യം മൂന്ന് തവണ ആവർത്തിക്കുന്നതും കാണാനായി. ഇത് ആളുകളെ കബളിപ്പിക്കലാണ്. ഈ ഭരണം കേരളത്തെ 20 വർഷം പിന്നിലാക്കി," പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ALSO READ: നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നല്‍കുന്ന ബജറ്റ്: മുഖ്യമന്ത്രി