ചടങ്ങിന് ശേഷം ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്തു
ഫ്രാൻസിലെ മാഴ്സെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ച് ജീവൻ ത്യജിച്ച ഇന്ത്യൻ സൈനികരുടെ കല്ലറകൾ ഉൾപ്പടെ സന്ദർശിച്ചതിന് ശേഷമാണ് ഇരുവരും ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. ചടങ്ങിന് ശേഷം ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്തു.
ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഫ്രാൻസിലെത്തിയത്. എഐ ഉച്ചകോടിയിൽ മാക്രോണിനൊപ്പം മോദിയും ആഥിതേയത്വം വഹിച്ചു. ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഒരുക്കിയ അത്താഴ വിരുന്നിലും മോദി പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യാനായി നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണും മാഴ്സെയിലേക്ക് എത്തിയത്. ചടങ്ങിന് സാക്ഷിയായി വലിയൊരു ഇന്ത്യൻ സമൂഹവും മാഴ്സെയിലുണ്ടായിരുന്നു.
ALSO READ: നാമുള്ളത് മനുഷ്യരാശിയുടെ ഗതി നിർണയിക്കുന്ന എഐയുടെ യുഗാരംഭത്തിൽ: പ്രധാനമന്ത്രി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മാഴ്സെയ് നഗരത്തിന് വലിയ പ്രധാന്യമുണ്ടെന്നും ബ്രീട്ടീഷുകാരിൽ നിന്നും വീർ സവർക്കർ രക്ഷപ്പെടാൻ ശ്രമിച്ചത് മാഴ്സെയിൽ വെച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധവും നിക്ഷേപങ്ങളും മെച്ചപ്പെടുത്തുന്നതിനും ഉദയകക്ഷി ചർച്ചകളിൽ ധാരണയായി. ഇന്തോ പസഫിക് മേഖലയിലെ കൂടുതൽ സഹകരണത്തിനും മറ്റ് ആഗോള ഫോറങ്ങളിലും സംരംഭങ്ങളിലും സഹകരിക്കാമെന്നും ഇരുപക്ഷവും ഉറപ്പുനൽകി.
ജനങ്ങളുടെ താൽപര്യം പരിഗണിച്ച് എഐ ഉപയോഗപ്പെടുത്തി സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക സെക്ടറുകളിൽ സഹകരണം ഉറപ്പാക്കാമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ആഗോള തലത്തിലെയും പ്രാദേശികതലത്തിലെയും പ്രശ്നങ്ങളും ചർച്ചകളുടെ ഭാഗമായെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച മാക്രോൺ സമതിയിൽ പരിഷ്കരണം വേണമെന്നും വ്യക്തമാക്കി.