കരൺ ബ്രാർ, അമൻദീപ് സിങ്, കമൽപ്രീത് സിങ്, കരൺപ്രീത് സിങ് എന്നീ പ്രതികള്‍ക്കാണ് ജാമ്യമനുവദിച്ചത്
ഖലിസ്ഥാന്‍ വാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വധകേസില്‍ പ്രതികളായ നാല് ഇന്ത്യന്‍ പൗരന്മാർക്കും ജാമ്യമനുവദിച്ച് കനേഡിയന്‍ കോടതി. കരൺ ബ്രാർ, അമൻദീപ് സിങ്, കമൽപ്രീത് സിങ്, കരൺപ്രീത് സിങ് എന്നീ പ്രതികള്‍ക്കാണ് ജാമ്യമനുവദിച്ചത്. ഫെബ്രുവരി 11നാണ് കേസില്‍ ഇനി വാദം കേള്‍ക്കുക.
2023 ജൂണില്‍ നടന്ന കൊലപാതകത്തില്‍ 2024 മേയിലാണ് ഇന്ത്യക്കാരായ പ്രതികള്‍ അറസ്റ്റിലായത്. ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ കൊലപാതകത്തിനുപിന്നില്‍, അമിത് ഷാ അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണങ്ങളാണ് കനേഡയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയർത്തിയത്.
2023 സെപ്റ്റംബറിലാണ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആദ്യമായി ആരോപിക്കുന്നത്. ഇന്ത്യ ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. വിഘടനവാദികള്‍ക്കും തീവ്രനിലപാടുകള്‍ വെച്ചുപുലർത്തുന്നവർക്കും കാനഡ അഭയം നല്‍കുന്നുവെന്ന് ഇന്ത്യ വിമർശിക്കുകയും ചെയ്തിരുന്നു.
ട്രൂഡോ നടത്തിയ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യന്‍ സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കാനഡ അതൊന്നും പരിഗണിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ALSO READ: ഷാർലി എബ്ദോ കൂട്ടക്കൊലയ്ക്ക് പത്ത് വർഷം; പ്രത്യേക പതിപ്പ് പുറത്തിറക്കി വാരിക
കഴിഞ്ഞ വർഷം ജൂൺ 18ന് കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യ- കാനഡ ബന്ധത്തിലെ ഉലച്ചിലിൻ്റെ തുടക്കമായിരുന്നു ഇത്. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാനഡ സാക്ഷിയായത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് സമൂഹമുള്ള രാജ്യമാണ് കാനഡ.