പുതിയ നേതാവിനെ പാര്‍ട്ടി തീരുമാനിക്കുംവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ അറിയിച്ചു
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ചു. പുതിയ നേതാവിനെ പാര്‍ട്ടി തീരുമാനിക്കുംവരെ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. പാർട്ടിക്കുള്ളിൽ പിന്തുണ നഷ്‌ടപ്പെടുന്നതും വോട്ടെടുപ്പുകളിലെ കുറഞ്ഞ ജനപ്രീതിയും കാരണമാണ് തീരുമാനം. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പരാജയപ്പെടുമെന്ന സർവെ ഫലങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസമാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചത്. ഇതും ട്രൂഡോയെ കൂടുതൽ സമ്മർദത്തിലാക്കിയിരുന്നു. റൈഡോ കോട്ടേജിലെ വസതിക്ക് പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രി രാജിക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റ് പിരിച്ചുവിടാതെ തന്നെ, എല്ലാ സഭാ നടപടികളും നിര്‍ത്തിവെയ്ക്കാനുള്ള ട്രൂഡോയുടെ അഭ്യര്‍ഥന ഗവര്‍ണര്‍ ജനറല്‍ അംഗീകരിച്ചിരുന്നു. നയ നിര്‍മാണം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍, വോട്ടെടുപ്പ് എന്നിവ നിര്‍ത്തിവെക്കും. അക്കാലയളവില്‍ പ്രധാനമന്ത്രി പദത്തില്‍ ട്രൂഡോ തുടരും. പ്രത്യേക നേതൃത്വ കണ്‍വെന്‍ഷന്‍ ചേര്‍ന്നതിനു ശേഷമേ ലിബറല്‍ പാര്‍ട്ടിക്ക് പുതിയ നേതാവിനെ പ്രഖ്യാപിക്കാന്‍ സാധിക്കൂ. അതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നാണ് ട്രൂഡോ അറിയിച്ചിരിക്കുന്നത്.
Also Read: ഇസ്രയേൽ ബന്ദികളെ പുറത്തു വിടുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; വാർത്ത നിഷേധിച്ച് ഇസ്രയേൽ
ശക്തവും രാജ്യവ്യാപകവുമായ മത്സര പ്രക്രിയയിലൂടെ പാർട്ടി അതിൻ്റെ അടുത്ത നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷം, പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നു, ട്രൂഡോ പറഞ്ഞു. ഇന്നലെ രാത്രി തന്നെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കാൻ ലിബറൽ പാർട്ടി പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടതായി ട്രൂഡോ കൂട്ടിച്ചേർത്തു.
രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റം വരുത്താനായി രണ്ട് തരം പുനഃസജ്ജീകരണങ്ങളാണ് കൊണ്ടുവരുന്നതെന്ന് ട്രൂഡോ പറഞ്ഞു. ആദ്യത്തേത് പാർലമെൻ്റ് പ്രവർത്തനം നീട്ടിവെക്കലാണ്. മറ്റൊന്ന് ലിബറൽ നേതൃസ്ഥാനം താൻ ഒഴിയുന്നതാണെന്നും ട്രൂഡോ നിരീക്ഷിച്ചു. തന്നെ നീക്കം ചെയ്യുന്നത് സഭയിലും കനേഡിയൻ രാഷ്ട്രീയത്തിലുമുള്ള 'ധ്രുവീകരണത്തിൻ്റെ തോത് കുറയ്ക്കും' എന്നും ട്രൂഡോ പറഞ്ഞു.
ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ രാജി വലിയ തോതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ക്രിസ്റ്റിയ രാജിവെച്ചത്. രാജി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയുടെ നയങ്ങളെയും രാഷ്ട്രീയത്തെയും ക്രിസ്റ്റിയ ഫ്രീലാൻഡ് പരസ്യമായി വിമർശിച്ചിരുന്നു.
ക്രിസ്റ്റിയയുടെ പടിയിറക്കം വലിയൊരു വിഭാഗം ലിബറൽ എംപിമാരെയും ട്രൂഡോയിൽ നിന്ന് അകറ്റി. അവർ പ്രധാനമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തി. ഞായറാഴ്ചയോടെ ലിബറൽ എംപിമാരിൽ ഭൂരിപക്ഷവും ട്രൂഡോയെ പുറത്താക്കണമെന്ന ആവശ്യവുമായി പരസ്യമായിഎത്തി. ഇതോടെയാണ് ട്രൂഡോ പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞതും പ്രധാനമന്ത്രി പദത്തിൽ നിന്ന് മാറാൻ സന്നദ്ധത അറിയിച്ചതും.
ഒക്ടോബറിലാണ് കാനഡയിലെ അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പ്. എന്നാൽ ഇത് വളരെ നേരത്തെ തന്നെ നടക്കാനാണ് സാധ്യത.