ടൗൺ സ്റ്റേഷനിലെ സിപിഒ നിധീഷിൻ്റെ പരാതിയിലാണ് ഉനൈസിനെതിരെ നടപടി എടുത്തിരിക്കുന്നത്
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നടത്തിയ പ്രതിഷേധത്തിൽ പൊലീസുകാരനെ മർദിച്ച എംഎസ്എഫ് പ്രവർത്തകനെതിരെ കേസ്. എംഎസ്എഫ് പ്രവർത്തകനായ ഉനൈസിനെതിരെയാണ് കേസെടുത്തത്. കണ്ണൂർ സർവകലാശാലയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഇയാൾ പൊലീസുകാരനെ ഇയാൾ മർദിക്കുകയായിരുന്നു.
ടൗൺ സ്റ്റേഷനിലെ സിപിഒ നിധീഷിൻ്റെ പരാതിയിലാണ് ഉനൈസിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അടിച്ച് പരിക്കേൽപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ രണ്ട് ദിവസത്തേക്ക് കോടതി ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ദിവസമാണ് പാലക്കുന്ന് ഗ്രീൻ വുഡ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്.സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ പി.അജീഷിനെതിരെ ബേപ്പൂർ പൊലീസ് കേസെടുത്തിരുന്നു. ഇ-മെയിൽ വഴി അയച്ച പരീക്ഷ പേപ്പർ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്‌ക്ക് മുൻപ് പരസ്യപ്പെടുത്തിയെന്നും, സർവകലാശാലയെ വഞ്ചിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
സർവകലാശാലയുടെ എക്സാം സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.എക്സാമിനെത്തിയ കുട്ടിയിൽ നിന്ന് ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിയ പേപ്പർ കണ്ടെത്തുകയായിരുന്നു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയതിൽ പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പർ ചോർത്തി നൽകിയ വിവരം വെളിപ്പെടുത്തിയത്. മെയിൽ വഴി അയച്ച് നൽകിയ ചോദ്യപേപ്പർ അധ്യാപിക ചോർത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂർ മുൻപ് വിദ്യാർഥികൾക്ക് അയച്ചു നൽകുകയും ചെയ്തതായാണ് കണ്ടെത്തൽ.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പാലക്കുന്ന് ഗ്രീൻ വുഡ് കോളജിലെ പരീക്ഷ വീണ്ടും നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നതിൽ നിരീക്ഷണം കർശനമാക്കാനും എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷകരെ നിയോഗിക്കാനുമാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നത് മുതൽ പരീക്ഷ അടക്കം നിരീക്ഷകരുടെ സാന്നിധ്യത്തിലാകും ഇനിമുതൽ നടക്കുകയെന്നും സർവകലാശാല അറിയിച്ചു.