സംഭവം മറച്ചുവെക്കാൻ പ്രിൻസിപ്പാൾ ശ്രമിച്ചുവെന്നും ആത്മഹത്യയാണെന്ന് വിശദീകരിച്ചെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം ആരോപിച്ചിരുന്നു
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുൻ പ്രിൻസിപ്പാൾ ഡോ. സന്ദീപ് ഘോഷ് അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ സിബിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒയും അറസ്റ്റിലായിട്ടുണ്ട്.
ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ആരോപണ വിധേയനായ ഡോക്ടറെ ഐഎംഎ സസ്പെൻഡ് ചെയ്തിരുന്നു. സംഭവം മറച്ചുവെക്കാൻ പ്രിൻസിപ്പാൾ ശ്രമിച്ചുവെന്നും ആത്മഹത്യയാണെന്ന് വിശദീകരിച്ചെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം ആരോപിച്ചിരുന്നു. ഓഗസ്റ്റ് ഒൻപതിനായിരുന്നു ഡോക്ടറെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 12ന് ഡോ. സന്ദീപ് ഘോഷ് രാജിവെക്കുകയായിരുന്നു.
അതേസമയം, ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സന്ദർശിച്ചിരുന്നു. ബംഗാളില്‍ ഡോക്ടര്‍മാര്‍മാരുടെ പ്രതിഷേധം നടക്കുന്നിടത്തേക്ക് അപ്രതീക്ഷിതമായി എത്തിയാണ് മമതാ ബാനര്‍ജി ഡോക്ടര്‍മാരെ അഭിസംബോധന ചെയ്തത്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും കുറച്ച് സമയം നൽകണമെന്നും മമത ബാനർജി അഭ്യർഥിച്ചിരുന്നു.