ഈ മാസം 12 മുതൽ 13 വരെ നടക്കുന്ന പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ കുടിയേറ്റ വിഷയം ചർച്ചയായേക്കും
അനധികൃത കുടിയേറ്റക്കാരായ 487 ഇന്ത്യക്കാരെ ഉടൻ നാടുകടത്തുമെന്ന് യുഎസ് അറിയിച്ചിരുന്നതായി കേന്ദ്ര സർക്കാർ. ഇവരെ സുരക്ഷിതവും സുഗമവുമായി ഇന്ത്യയിൽ എത്തിക്കാനുള്ള ചർച്ചകൾ യുഎസുമായി തുടരുകയാണെന്നും നാടുകടത്തൽ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ബുധനാഴ്ച സി-17 യുഎസ് സൈനിക വിമാനത്തിൽ ചങ്ങലയിൽ ബന്ധിച്ച് 104 കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെച്ചൊല്ലി രാഷ്ട്രീയ തർക്കങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
"487 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്നും നീക്കം ചെയ്യുന്നതായി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. യുഎസ് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അവരുടെ നിയമപരമായ നിലയും പദവിയും കണക്കിലെടുക്കുമ്പോൾ, ബന്ധപ്പെട്ട കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് ഞങ്ങൾക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ലഭ്യമാക്കിയ അത്തരം സംഖ്യകളുമായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്," മിസ്രി പറഞ്ഞു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റ നയം കടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് യുഎസിലെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. കുടിയേറ്റക്കാരുമായുള്ള യുഎസിൻ്റെ സി-17 സൈനിക വിമാനം അമൃത്സറിലാണ് ലാൻഡ് ചെയ്തത്. അനധികൃതമായി യുഎസിൽ പ്രവേശിച്ച ഇവരെ ചങ്ങലയണിയിച്ചാണ് ഇന്ത്യ വരെയെത്തിച്ചത്. ഇത് വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വിമർശനം. വിലങ്ങണിയിച്ച നടപടി തെറ്റാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാൻ യുഎസിൻ്റെ സൈനിക വിമാനത്തിന് പകരം, ഇന്ത്യക്ക് വിമാനം അയയ്ക്കാമായിരുന്നില്ലേ എന്നായിരുന്നു വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. കുടിയേറ്റവുമായി ബന്ധപ്പെട്ട് എത്ര പേർ ജയിലിൽ ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റക്കാരോട് ഭീകരവാദികളെ പോലെ പെരുമാറിയത് എന്തിനെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല എംപിയും ചോദിച്ചു.
Also Read: യുഎസ് നാടുകടത്തൽ: ഇന്ത്യക്കാരെ വിലങ്ങിട്ടുകൊണ്ടുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് യുഎസ് ബോർഡർ പട്രോൾ
എന്നാൽ, അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങുവച്ച് കൊണ്ടുവന്നത് യുഎസിന്റെ നയമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്റെ പക്ഷം. ശുചിമുറി ഉപയോഗിക്കാൻ വിലങ്ങുകൾ നീക്കം ചെയ്തു നൽകിയിരുന്നു. ഇതാദ്യമായല്ല യുഎസ് ആളുകളെ വിലങ്ങുവെച്ച് നാടുകടത്തുന്നത്. ഇതിൽ പുതുമയില്ല. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ജയ്‌ശങ്കർ, കുടിയേറ്റം നിയമപരമായിരിക്കണമെന്നും കൂട്ടിച്ചേർത്തു. ഈ മാസം 12 മുതൽ 13 വരെ നടക്കുന്ന പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ കുടിയേറ്റ വിഷയം ചർച്ചയായേക്കും.