fbwpx
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; പ്രധാന പത്ത് പോയിൻ്റുകൾ!
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Apr, 2025 12:47 PM

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന എഴുപതിലധികം ഹർജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്

NATIONAL


വഖഫ് ഭേ​ദ​ഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരുടെ മൂന്നം​ഗ ബെഞ്ച് ഹ‍ർജികൾ പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന എഴുപതിലധികം ഹർജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്. നിയമത്തെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകള്‍, കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഐഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികൾ ഹർജി നൽകിയിട്ടുണ്ട്. അതേസമയം, നിയമം റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹർജികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട പ്രധാന പത്ത് പോയിൻ്റുകൾ ഇതൊക്കെ:

1) ലോക്സഭയിലും രാജ്യസഭയിലും നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ഈ മാസം ആദ്യം പാർലമെൻ്റ് വഖഫ് ഭേദഗതി നിയമം പാസാക്കിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ കേൾക്കും.

2) നിയമസഭയുടെ അധികാരപരിധിയിലേക്ക് അതിക്രമിച്ചു കടക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മദ്ധ്യസ്ഥത വഹിക്കുന്നതിനും ഭേദഗതി ചെയ്ത നിയമം സമത്വത്തിനുള്ള അവകാശവും മതപരമായ ആചാരങ്ങൾ പിന്തുടരാനുള്ള അവകാശവും ഉൾപ്പെടെ നിരവധി മൗലികാവകാശങ്ങളെ ചവിട്ടിമെതിക്കുന്നുവെന്ന ഹർജികൾക്കും പിന്നാലെയാണ് ഹർജികൾ കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചത്.

3) മുസ്ലീം സംഘടനകള്‍, കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഐഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങിയവയിൽ നിന്നുള്ള നേതാക്കൾ നിയമത്തിന് എതിരായി വാദിക്കുന്നു.

4) നിയമത്തെ പിന്തുണയ്ക്കുന്ന ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചു.


ALSO READ: ആശുപത്രി ഐസിയുവിൽ വെച്ച് എയർഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന് പരാതി; സംഭവം ഗുരുഗ്രാമിൽ


5) നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കണമെന്ന് ചില ഹർജികൾ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ കോടതി ഇത് നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. ഇത് ഏകപക്ഷീയവും മുസ്ലീങ്ങൾക്കെതിരായ വിവേചനവുമാണെന്നും ഹർജികളിൽ പറയുന്നു.

6) ഭേദഗതി വരുത്തിയ നിയമം വഖഫുകൾക്ക് നൽകിയിട്ടുള്ള സംരക്ഷണങ്ങൾ ഇല്ലാതാക്കുന്നുവെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി തന്റെ ഹർജിയിൽ പറയുന്നു. വഖഫ് സ്വത്തുക്കൾക്ക് നൽകുന്ന സംരക്ഷണം കുറയ്ക്കുകയും മറ്റ് മതവിഭാഗങ്ങൾക്ക് അവകാശം നൽകുകയും ചെയ്യുന്നത് വിവേചനപരമാണെന്നും അദ്ദേഹം പറയുന്നു.

7) വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നത് ആർട്ടിക്കിൾ 14ൻ്റെ ലംഘനമാണെന്നും മതപരമായ വസ്തുക്കളുടെ മേൽനോട്ടത്തിൽ അത് യുക്തിപരമല്ലെന്നും ആം ആദ്മി പാർട്ടിയിൽ നിന്നുള്ള അമനത്തുള്ള ഖാൻ്റെ ഹർജിയിൽ പറയുന്നു.

8) വസ്തുക്കളെയും അതിൻ്റെ മേൽനോട്ടത്തെയും മാത്രം ബാധിക്കുന്നതാണ് നിയമം, മതത്തെ ബാധിക്കുന്നതല്ല എന്നാണ് സർക്കാരിൻ്റെ ഭാഗം. വഖഫ് ഭൂമികളുടെ മേൽനോട്ടത്തിൽ വലിയ തോതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ട്, അതിൻ്റെ വരുമാനം കൊണ്ട് ദരിദ്രരായ മുസ്ലീങ്ങളെയോ സ്ത്രീകളെയോ കുട്ടികളെയോ സഹായിക്കുന്നില്ല. എന്നാൽ, ഭേദഗതി നിയമത്തിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നും സർക്കാരിൻ്റെ വാദത്തിൽ പറയുന്നു.


ALSO READ: നാഷണൽ ഹെറാൾഡ് കേസ്; ഇഡി കുറ്റപത്രത്തിനെതിരെ കോൺഗ്രസ്: നാളെ രാജ്യ വ്യാപക പ്രതിഷേധം നടത്തും



9) വലിയൊരു വിഭാഗം ആളുകളുമായി കൂടിയാലോചിച്ച ശേഷമാണ് ബിൽ തയ്യാറാക്കിയത്. അതിൽ മുസ്ലീം ഇതര ന്യൂനപക്ഷങ്ങളുടെ പിന്തുണയുമുണ്ട്. സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയിലും നിയമം പാസായി എന്നും അംഗങ്ങൾ നിർദേശിച്ച നിരവധി ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വാദിക്കുന്നു.

10) ഭേദഗതി ചെയ്ത നിയമത്തിനെതിരെയും അതിനുമുമ്പ് ബില്ലിനെതിരെയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും വലിയ പ്രതിഷേധം നടന്നത് ബംഗാളിലാണ്. പ്രതിഷേധം അക്രമത്തിലേക്ക് നയിച്ചതോടെ മൂന്ന് പേർ മരിക്കുകയും നിരവധി പേർ ഭവനരഹിതരാകുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ സർക്കാർ ഭേദഗതി ചെയ്ത വഖഫ് നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു.

KERALA
മിന്നിച്ച് പൊന്ന്! വീണ്ടും റെക്കോര്‍ഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
Also Read
user
Share This

Popular

MALAYALAM MOVIE
NATIONAL
'അനുഭവം പറഞ്ഞത് നടനായിരുന്നെങ്കില്‍, അയാള്‍ ലഹരി വിരുദ്ധ ക്യാംപയ്‌നിന്റെ അംബാസിഡര്‍ ആയേനേ'; ജോളി ചിറയത്ത്