സമരസമിതിയുമായുള്ള മന്ത്രിതല ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി
മുതലപ്പൊഴി ഹാർബറിലെ മണൽ നീക്കവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദേശീയ പാത ഉപരോധിക്കാൻ തീരുമാനം. മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതിയുമായുള്ള മന്ത്രിതല ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ല. അഴിമുഖത്ത് ഡ്രജ്ജിംഗ് കാര്യക്ഷമമാകാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ തീരുമാനം. പൊഴി മുറിക്കാൻ അധികൃതർ എത്തിയാൽ തടയുമെന്നും മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു.
വിഷയത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി മന്ത്രി സജി ചെറിയാൻ ഇന്ന് ചർച്ച നടത്തിയിരുന്നു. മണൽ നീക്കം കാര്യക്ഷമമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിക്കും സിഐടിയു നിവേദനം കൈമാറിയിരുന്നു.
ALSO READ: പി.ജി. മനുവിന്റെ മരണം; മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് മണലടിഞ്ഞ് പൊഴിമുഖം പൂർണമായും അടഞ്ഞതോടെ കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. വർഷങ്ങൾക്കുശേഷമാണ് മുതലപ്പൊഴി പൂർണമായും മണലടിഞ്ഞ് പൊഴിമുഖം അടയുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ മുതലപ്പൊഴിയിൽ ഡ്രെജ്ജിങ് മുടങ്ങിയതോടെയാണ് പൊഴി അടഞ്ഞത്.
മണൽ നീക്കം വേഗത്തിലാക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. മുതലപ്പൊഴി ചാനലിലെ മണൽനീക്കാൻ വലിയ ഡ്രഡ്ജർ ഉടനെത്തിക്കും. കണ്ണൂർ അഴീക്കലിൽനിന്ന് മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരിയെന്ന ഡ്രഡ്‌ജറാണ് എത്തിക്കുക.