സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയതെന്നാണ് വിൻസി പരാതിയിൽ പറയുന്നത്
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ വിന്‍സി അലോഷ്യസിന്‍റെ പരാതിയിലെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന്. സിനിമ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് വിൻസി അലോഷ്യസിന്റെ പരാതി. ഷൂട്ടിങ്ങിനിടയിൽ വസ്ത്രം ശരിയാക്കാൻ അടുത്ത റൂമിലേക്ക് മാറിയപ്പോൾ നടൻ പിന്നാലെ വന്നു. പരിസര ബോധം പോലും മറന്ന് 'ഞാൻ വസ്ത്രം ശരിയാക്കി തരാം' എന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞുവെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്.
സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ ലഹരി ഉപയോഗിച്ച ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്നാണ് വിൻസിയുടെ പരാതി. ഷൂട്ടിങ്ങിനിടെ സംഭവിച്ച കാര്യങ്ങളിൽ സംവിധായകൻ ക്ഷമ ചോദിച്ചു. ഷൈനിനെ സംവിധായകൻ താക്കീത് ചെയ്തെന്നും വിൻസിയുടെ പരാതിയിൽ പറയുന്നു. ഷൈൻ ലഹരി ഉപയോഗിക്കുന്നത് സെറ്റിൽ പലരും കണ്ടിരുന്നു. ഡയലോഗ് പറയുമ്പോൾ വായിൽ നിന്നും വെള്ളം മേശയിൽ വീണു. സിനിമയിലെ മറ്റൊരു സഹപ്രവർത്തകയ്ക്കും ഷൈനിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
ലഹരിക്കെതിരായ പരിപാടിയിലെ വിൻസിയുടെ പ്രസ്താവനയോടെയാണ് വിഷയം ചർച്ചയാവുന്നത്. ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്നായിരുന്നു നടിയുടെ പ്രസ്താവന. ഒപ്പം അഭിനയിക്കുന്ന നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതെന്നും നടി ഈ പരിപാടിയില്‍ വ്യക്തമാക്കി. പിന്നീട് ഈ നടന്റെ പേര് വെളിപ്പെടുത്താതെ കൂടുതൽ വിശദാംശങ്ങൾ നടി പങ്കുവച്ചു. തുടർന്ന് പരാതി നൽകിയതോടെയാണ് നടൻ ഷൈൻ ആണെന്ന് പുറത്തുവന്നത്.