fbwpx
'സിനിമാ സെറ്റുകളില്‍ വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നത് നഗ്നസത്യം'; വിന്‍സിക്ക് പിന്തുണയുമായി WCC
logo

ന്യൂസ് ഡെസ്ക്

Posted : 17 Apr, 2025 10:29 AM

സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയുണ്ടോയെന്ന് തൊഴിലാളികളായ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഡബ്യൂസിസിയുടെ പ്രസ്താവനയില്‍ പറയുന്നു

MALAYALAM MOVIE


സിനിമാ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകിയതിന് പിന്നാലെ നടി വിൻസി അലോഷ്യസിന് പിന്തുണയുമായി വുമൺ ഇൻ സിനിമാ കളക്ടീവ്. സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ തങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നുവെന്നാണ് ഡബ്യൂസിസിയുടെ പ്രസ്താവന. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യമാണ് ഇതിലൂടെ നടി ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി.


Also Read: സിനിമാ സെറ്റിലെ നടന്റെ ലഹരി ഉപയോ​ഗം: വിൻസിയിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും; പരാതിയുണ്ടെങ്കിൽ മാത്രം കേസ്


സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയുണ്ടോയെന്ന് തൊഴിലാളികളായ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഡബ്യൂസിസിയുടെ പ്രസ്താവനയില്‍ പറയുന്നു. സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമാതാവിൻ്റെ ഉത്തരവാദിത്തമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾക്ക് ഉയർന്നു വന്നാൽ ഐസിയെ സമീപിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. ഐസിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷൻ്റെ നിർദേശപ്രകാരം ചേമ്പറിൻ്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു. 


Also Read: "ലഹരിയുപയോഗിച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറി"; പരാതി നൽകി നടി വിൻസി അലോഷ്യസ്


'സൂത്രവാക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോയിൽ നിന്ന് മോശം അനുഭവമുണ്ടായി എന്നാണ് വിന്‍സിയുടെ പരാതി. ഫിലിം ചേബറിനും സിനിമയുടെ ഇൻ്റേണൽ കംപ്ലെയ്ൻ്റ് അതോറിറ്റിക്കാണ് പരാതി നൽകിയത്. മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം നടൻ മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തല്‍. അതേ തുടർന്ന് നടനൊപ്പം തനിക്ക് തുടർന്ന് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും വിൻസി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം നടന്‍റെ പേര് വെളിപ്പെടുത്താതെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈന്‍‌ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍‌കിയത്. 


ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:



ഫിലിം സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐ.സിയിലാണ്.കേരളത്തിലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്. പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് IC യുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങൾക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നൽകാനായി വനിത ശിശു വികസന വകുപ്പ് വർക്ക്ഷോപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്.


മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മൾ ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ IC നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുമാണ് . സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമ്മാതാവിൻ്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾക്ക് ഉയർന്നു വന്നാൽ IC യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്. ഐ.സിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ചേമ്പറിൻ്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്.


ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിർമ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സി യുടെ കാര്യക്ഷമമായ പ്രവർത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴിൽ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും.IC സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തിൽ വീണ്ടും അറിയിക്കട്ടെ.


#അവൾക്കൊപ്പം


NATIONAL
VIDEO | ഡൽഹിയിൽ ആറുനില കെട്ടിടം തകർന്നുവീണ് നാലു പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Also Read
user
Share This

Popular

KERALA
WORLD
EXCLUSIVE | മറ്റൊരു വെള്ളാന, നവീകരണത്തിന് ഒരു വർഷം വേണ്ടത് 40 ലക്ഷം; കടലാസിലൊതുങ്ങി തെങ്ങിലകടവിലെ ക്യാൻസർ സ്ക്രീനിംഗ് സെൻ്റർ