ലഹരി ഉപയോഗിച്ചുകൊണ്ട് ജോലി ചെയ്യുക എന്ന് പറയുന്നത് അനുവദനീയമല്ല
ജോലി സ്ഥലത്ത് എങ്ങനെ പെരുമാണം എന്നതിനെ കുറിച്ചുള്ള ധാരണ ഇനിയെങ്കിലും സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ഉണ്ടാകണമെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോളി ചിറയത്തിന്റെ പ്രതികരണം. ഒരു നടി നിലപാട് പറയുമ്പോള്‍ അവരെ കൂവി തോല്‍പ്പിക്കുക എന്ന പ്രവണതയാണ് പൊതു സമൂഹത്തിനുള്ളതെന്നും ന്യൂസ് മലയാളത്തോട് ജോളി ചിറയത്ത് പറഞ്ഞു.
ഒരു നടി നിലപാട് പറയുമ്പോള്‍ അവരെ കൂവി തോല്‍പ്പിക്കുകയാണ് ചെയ്യുന്നത്
ജോലി സ്ഥലത്ത് എങ്ങനെയായിരിക്കണം പെരുമാറേണ്ടത് എന്നതിനെ കുറിച്ചുള്ള ധാരണ ഇനിയെങ്കിലും ആളുകള്‍ക്ക് ഉണ്ടാകണം. പൊതു സമൂഹത്തില്‍ എവിടെയാണെങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധം വേണം കാര്യങ്ങള്‍ ചെയ്യാന്‍. പിന്നെ ലഹരി ഉപയോഗിച്ചുകൊണ്ട് ജോലി ചെയ്യുക എന്ന് പറയുന്നത് അനുവദനീയമല്ല. അപ്പോള്‍ അത് പ്രൊഫഷണലി ഒരു എത്തിക്‌സും പാലിക്കാത്ത ഒരു പ്രശ്‌നം കൂടിയാണ്. അങ്ങനെയൊരു പ്രശ്‌നം വിന്‍സി എന്ന പെണ്‍കുട്ടി ഉന്നയിക്കുമ്പോള്‍ തീര്‍ച്ചയായും പ്രൊഡക്ഷന്‍ അതിനെ ഗൗരവമായി കാണുകയും നടപടി എടുക്കുകയും ആണ് വേണ്ടത്. മറിച്ച് ഇവിടെ സംഭവിക്കുന്നത് അവര്‍ ഒരു ലഹരി വിരുദ്ധ ക്യാംപയ്‌നിന്റെ ഭാഗമായി തന്റെ അനുഭവം പങ്കുവെക്കുന്നതോടു കൂടി പൊതുസമൂഹം മൊത്തം ഇവര്‍ക്കെതിരെ തിരിയുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീ അല്ലെങ്കില്‍ നടി അവര്‍ പൊതു സമൂഹത്തില്‍ നിന്നുകൊണ്ട് നിലപാട് പറയുമ്പോള്‍ അവരെ കൂവി തോല്‍പ്പിക്കുക എന്നൊരു പ്രവണതയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. മറിച്ച് ഇത് പറഞ്ഞത് സിനിമാ മേഖലയിലെ ഒരു നടനായിരുന്നെങ്കില്‍, അയാളെ ഇപ്പോള്‍ ഈ ക്യാംപയ്‌നിന്റെ അംബാസിഡര്‍ ആക്കുമായിരുന്നു. അങ്ങേയറ്റം സ്ത്രീകളോടുള്ള അവജ്ഞയും അവഹേളനവുമാണ് ഈ പ്രതികരണത്തിലൂടെ മനസിലാകുന്നത്. അതോടൊപ്പം ഇത്തരം വിഷയങ്ങളില്‍ ഒട്ടും സെന്‍സിറ്റീവല്ലാത്ത തരത്തില്‍ ഒരു സമൂഹമായി നമ്മള്‍ മാറുന്നു എന്നതും പേടിപ്പെടുത്തുന്ന കാര്യമാണ്.
വിന്‍സിക്ക് സിനിമയില്ലാതാകുമെന്ന് ഞാന്‍ കരുതുന്നില്ല
ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയതുകൊണ്ട് വിന്‍സിക്ക് ഇനി അത്തരക്കാരോടൊപ്പം അഭിനയിക്കില്ല എന്നാണ് പറയേണ്ടി വരുന്നത്. എന്നാല്‍ മറിച്ചാണ് ഉണ്ടാകേണ്ടത്. ഇത്തരം ഒരാളെ സെറ്റില്‍ അഭിനയിപ്പിക്കില്ല എന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. നിര്‍മാതാക്കള്‍ അങ്ങനെ പറയുന്നുണ്ട്. ഇനി ജോലി കൊടുക്കേണ്ടതില്ല എന്ന തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍, അതില്‍ നിന്ന് മനസിലാക്കേണ്ടത് സിനിമാ മേഖലയ്ക്ക് അകത്ത് എന്തെങ്കിലും നിലപാട് പറയുന്ന പെണ്ണുങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്ന ബോധ്യം സമൂഹത്തിനുണ്ട് എന്നതാണ്. നിലപാട് പറയുന്നവര്‍ക്ക് അത് ഉറക്കെ വിളിച്ചു പറയുന്നവര്‍ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന് തന്നെയാണ് പൊതു സമൂഹവും മനസിലാക്കി വെച്ചിരിക്കുന്നത്. ഒരു അര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ സമൂഹത്തിന്റെ പരിച്ഛേതമെന്താണെന്ന് മനസിലാകുന്നു. അതോടൊപ്പം സിനിമാ മേഖല എത്രത്തോളം സ്ത്രീ സൗഹാര്‍ദമാണ് എന്നത് മനസിലാക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ ഒരു സംഭവം കൊണ്ട് ഉണ്ടായത്. പക്ഷെ അതേ സമയം ഇനി വിന്‍സിക്ക് ജോലി ഇല്ലാതാകും എന്നൊന്നും ഞാന്‍ കരുതുന്നില്ല. കാരണം ഇത് മാറണമെന്നും ഈ വ്യവസ്ഥ മാറണമെന്നുമെല്ലാം ആഗ്രഹിക്കുന്ന ഒരു വിഭാഗം സിനിമാ മേഖലയ്ക്ക് അകത്തുണ്ട്.
ഷൈനിന്റെ ഭാഗത്തുനിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല
ഞാന്‍ അഭിനയിച്ച രണ്ട് സെറ്റുകളില്‍ എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ നടന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിന്റെ ഒപ്പം അങ്ങനെ ഉണ്ടായിട്ടില്ല. മറിച്ച് വേറൊരു നടനൊപ്പം രണ്ട് സെറ്റിലും ഇതേ അനുഭവം എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്. രാവിലെ വന്ന് നമ്മള്‍ എല്ലാവരും വേഷം മാറി നില്‍ക്കുന്നു പക്ഷെ ഉച്ചയായിട്ടും അയാള്‍ എത്തുന്നില്ല. അതൊക്കെ എന്ത് കാരണം കൊണ്ടാണെങ്കിലും അതൊന്നും ശരിയല്ല. നിങ്ങള്‍ ലഹരി ഉപയോഗിച്ചതുകൊണ്ടാണോ, അതോ വ്യക്തിപരമായ കാരണം കൊണ്ടാണോ വൈകുന്നത് എന്നത് തൊഴിലിടത്തില്‍ വിഷയമല്ല. പ്രത്യേകിച്ച് സിനിമ പോലെ ഉള്ള തൊഴിലിടത്ത്. അപ്പോള്‍ അത്തരത്തിലുള്ള ധാര്‍മികമായ ഉത്തരവാദിത്തം പരസ്പരം കാണിക്കേണ്ടതാണ്.