സ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 25 ലക്ഷം രൂപ ധനസഹായത്തിനൊപ്പം കരാർ ജോലിയും നൽകുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. പരുക്കേറ്റ 35 പേർക്ക് വെള്ളിയാഴ്ച ക്ഷേത്രത്തിൽ പ്രത്യേക ദർശനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ചന്ദ്രബാബു നായിഡു ഉറപ്പുനൽകി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ ക്രമീകരണങ്ങൾ പരാജയപ്പെട്ടു. സംഭവത്തിൽ ഗോശാല ഡയറക്ടർ അരുണാധ് റെഡ്ഡിയെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എസ്പി, എഇഒ ഗൗതമി എന്നിവരെ സ്ഥലം മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO READ: "കവാടം തുറന്നതോടെ ഭക്തർ തിരക്കുകൂട്ടി"; തിരുപ്പതി അപകടത്തിലെ നടുക്കം വിട്ടുമാറാതെ ദൃക്സാക്ഷികൾ
"ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കഴിഞ്ഞ 45 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നു. സുരക്ഷ ക്രമീകരണങ്ങൾക്കായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് പരാജയം സംഭവിച്ചു. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ മുമ്പ് ആളുകളെ വിട്ടയച്ചിരുന്നെങ്കിൽ, ഇത് സംഭവിക്കില്ലായിരുന്നു. മികച്ച ഏകോപനം ആവശ്യമായിരുന്നു", മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വൈഎസ്ആർസിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി തിരുപ്പതിയിലെത്തി ദുരിതബാധിതരെ കാണുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.