fbwpx
കോട്ട കാക്കാൻ ഇടത്, ആലത്തൂരിലെ ക്ഷീണം മാറ്റാൻ വലത്; അഭിമാനപോരാട്ടമാവുന്ന ചേലക്കര
logo

ലിന്റു ഗീത

Last Updated : 28 Oct, 2024 06:35 AM

ചേലക്കര എംഎൽഎയായിരുന്നു കെ. രാധാകൃഷ്‌ണൻ ആലത്തൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്

KERALA BYPOLL



മണ്ഡലം രൂപീകരിച്ച് 59 വർഷങ്ങൾക്കിപ്പുറം ആദ്യമായി ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുകയാണ് തൃശൂർ ജില്ലയിലെ ചേലക്കര നിയമസഭാ നിയോജകമണ്ഡലം. ചേലക്കര എംഎൽഎയായിരുന്നു കെ. രാധാകൃഷ്‌ണൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ആലത്തൂരിൽ നിന്ന് എംപിയായതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ചേലക്കര മണ്ഡലം രൂപീകരിക്കുന്നത് 1965 ലാണ്.


ALSO READ: ചേലക്കര ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ


മണ്ഡലം രൂപീകരിച്ചതിനുശേഷമുള്ള 15ാം തെരഞ്ഞെടുപ്പും, ആദ്യ ഉപതെരഞ്ഞെടുപ്പുമാണ് പട്ടിക ജാതി സംവരണ മണ്ഡലം കൂടിയായ ചേലക്കരയിലേത്. തെരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ ചേലക്കര ചർച്ചയാകാറുണ്ടെങ്കിലും കൂടി ചേലക്കരയിലെ ഇക്കുറിയുള്ള ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് അഭിമാനപോരാട്ടം കൂടിയാണ്. പ്രത്യേകിച്ച് ഇടത് വലത് മുന്നണികൾക്ക്. ഇടത് മുന്നണിയുടെ പ്രദീപിനൊപ്പമാണോ, വലത് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പമാണോ അതോ മണ്ഡലത്തിൽ ആദ്യമായി ബിജെപിക്കായി കെ. ബാലകൃഷ്‌ണൻ സീറ്റ് നേടുമോ എന്നൊക്കെയാണ് ചേലക്കരയിലെ രാഷ്ട്രീയ ചർച്ചകൾ.


ചേലക്കരയിലെ തെരഞ്ഞെടുപ്പ് ചരിത്രം

ആലത്തൂരിന്റെ ഭാഗമായ ചേലക്കര നിയമസഭാ മണ്ഡലം രൂപീകൃതമാകുന്നത് 1965 ലാണ്. ഇതേ വർഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കെ. കെ. ബാലകൃഷ്‌ണൻ ആണ് മണ്ഡലത്തിൽ വിജയിച്ചത്. തുടർന്ന് 67 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായ പി. കുഞ്ഞനും മണ്ഡലത്തിൽ വിജയിച്ചു. 1970 ലും 77 ലും 80 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസാണ് മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ 1982 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി സി.കെ. ചക്രപാണി മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും 87 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ എം.എ. കിട്ടപ്പൻ വീണ്ടും കോൺഗ്രസിനായി മണ്ഡലം തിരിച്ചു പിടിച്ചു.



1991 ൽ എം.പി തമിയും കോൺഗ്രസിനായി സീറ്റ് നിലനിർത്തി. എന്നാൽ ചേലക്കരയുടെ രാഷ്ട്രീയ ചരിത്രം മാറുന്നത് 1996 ലാണ്. ഇടത് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ ആണ് അന്നത്തെ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ വിജയിച്ചത്. തുടർന്ന് നടന്ന 2006 ലേയും, 2011 ലേയും തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്‌ണൻ തന്നെയാണ് മണ്ഡലത്തിൽ വിജയിച്ചത്. 2016 ലും സിപിഎം സ്ഥാനാർഥി യു. ആർ. പ്രദീപാണ് മണ്ഡലത്തിൽ വിജയിച്ചത്. 2021 ൽ നടന്ന തെരഞ്ഞെടുപ്പിലും ചേലക്കരയിൽ വിജയിച്ചത് ഇടത് സ്ഥാനാർഥിയായ കെ. രാധാകൃഷ്ണൻ ആണ്.

ചേലക്കര എന്ന ഇടത് കോട്ട

മണ്ഡലം രൂപീകരിച്ചത് മുതൽ ഇന്ന് വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കൂടുതലും ഇടതിനൊപ്പം മാത്രമാണ് മണ്ഡലത്തിലെ ജനങ്ങൾ നിന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള കഴിഞ്ഞ 14 തെരഞ്ഞെടുപ്പുകളിൽ എട്ട് തവണയും ചേലക്കരയിലെ ജനങ്ങൾ പിന്തുണച്ചത് എൽഡിഎഫിനെയാണ്. അതിൽ 1996 മുതൽ തുടർച്ചയായി ആറ് വട്ടമാണ് മണ്ഡലത്തിൽ സിപിഎം വിജയിച്ചത്. അതിലേറ്റവും അനുകൂലമായത് അഞ്ച് വട്ടവും സ്ഥാനാർഥിയായ കെ. രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവും സംഘടനാ അടിത്തറയുമാണ്.



മുൻകാലങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമായിട്ടും ചേലക്കരയിലെ ജനങ്ങൾ ഇടതിനൊപ്പം നിന്നുവെന്ന ആത്മവിശ്വാസം തന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്കുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്നും വിജയിച്ച കെ. രാധാകൃഷ്‌ണൻ ആണ് ആലത്തൂരിൽ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയത്. അതേ രമ്യ ഹരിദാസ് തന്നെയാണ് ചേലക്കരയിൽ മത്സരിക്കാനെത്തുന്നതും. രമ്യയെ പരാജയപ്പെടുത്തുക എന്നത് എൽഡിഎഫ് സ്ഥാനാർഥി യു. ആർ. പ്രദീപിനെ സംബന്ധിച്ച് അഭിമാനപോരാട്ടം തന്നെയാണ്.


കോൺഗ്രസിന്റെ അഭിമാന പ്രശ്‌നം

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പഴയ പ്രതാപകാലത്തേക്ക് തിരികെ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഈ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതത്തിലുണ്ടായ വർധനവും കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ്. ആലത്തൂരിൽ ഇടത് സ്ഥാനാർഥി കെ. രാധാകൃഷ്‌ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ, കെ. രാധാകൃഷ്‌ണൻ വിജയിച്ച് ഒഴിഞ്ഞ ചേലക്കരയിൽ വിജയിപ്പിക്കുക എന്നത് തന്നെയാണ് മറ്റെന്തിനേക്കാളും കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. കൂടാതെ രൂപീകൃതമായതിനു ശേഷം ചേലക്കര മണ്ഡലത്തിൽ ഇതുവരെയും ഒരു വനിതാ ജനപ്രതിനിധി പോലും ഉണ്ടായിട്ടില്ല.



രമ്യ ഹരിദാസ് വിജയിക്കുകയാണെങ്കിൽ ചേലക്കരയിലെ ആദ്യത്തെ വനിതാ എംഎൽഎ എന്ന നേട്ടവും കോൺഗ്രസിന് സ്വന്തമാകും. നിലവിലെ രാഷ്ട്രീയ സാഹചര്യം മുൻനിർത്തി, പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ തന്നെയാകും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശ്രമിക്കുക. തൃശൂർ പൂര വിവാദമടക്കം ജില്ലയെ ബാധിക്കുന്ന പലവിഷയങ്ങളും ചേലക്കരയിൽ കോൺഗ്രസ് ചർച്ചയാക്കുമെന്നതും തീർച്ചയാണ്.

തൃശൂർ മോഡൽ ചേലക്കര

ഇടത് വലത് മുന്നണികൾക്കൊപ്പം ഇത്തവണ ബിജെപിക്കും ചേലക്കരയിൽ വലിയ സ്വാധീനമുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നത്. 1987ലെ തെരഞ്ഞെടുപ്പിലാണ് മണ്ഡലത്തിലേക്ക് ബിജെപി ആദ്യമായി കടന്ന് വന്നത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, ക്രമേണ വോട്ട് വിഹിതത്തിൽ വർധനവുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ജയപരാജയങ്ങൾ നിർണയിക്കാനുള്ള കരുത്ത് നിലവിൽ ബിജെപിക്ക് ചേലക്കരയിലുണ്ട്. അങ്ങനെയെങ്കിൽ ചേലക്കരയിൽ ആദ്യമായി ത്രികോണ മത്സരത്തിന് കൂടി കളമൊരുങ്ങുകയാണെന്നും കരുതേണ്ടി വരും. മത - സാമുദായിക പിന്തുണ, തൃശൂർ പൂര വിവാദം, നിലവിലെ ഭരണ വിരുദ്ധ വികാരം എന്നിവയെല്ലാം, ബിജെപിയും മണ്ഡലത്തിൽ ചർച്ചാ വിഷയമാകും.


ALSO READ: ഉപതെരഞ്ഞെടുപ്പല്ല, അഭിമാന പോരാട്ടം; സ്ഥാനാർഥി നിർണയത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നണികൾ, കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്


സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ചേലക്കര നിയമസഭാ മണ്ഡലത്തിൽ ആകെ 2,11,211 വോട്ടർമാരാണുള്ളത്. ഇതിൽ 1,01,068 പുരുഷന്മാരും 1,10,140 സ്ത്രീകളും, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള മൂന്ന് പേരുമാണുള്ളത്. വേട്ടെടുപ്പിന്‌ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ. 2016 ൽ 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രദീപ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞാലും വിജയത്തിൽ കുറഞ്ഞതൊന്നും ഇടത് പ്രതീക്ഷിക്കുന്നില്ല. എന്നാൽ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും. പാർട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായ എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണനും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ചേലക്കര ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നത് തന്നെയാണ് കേരളം ഉറ്റുനോക്കുന്നത്.

KERALA BYPOLL
എൽഡിഎഫിന് ലഭിച്ചത് മതനിരപേക്ഷ വോട്ടുകൾ, ഭരണ വിരുദ്ധ വികാരമെന്ന പ്രചരണം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല: മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA BYPOLL
KERALA BYPOLL
ട്വിസ്റ്റോട് ട്വിസ്റ്റ്; തെരഞ്ഞെടുപ്പ് കാലത്ത് പാലക്കാട് അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളിലേക്ക് തിരിഞ്ഞു നോട്ടം