ചെപ്പോക്കില്‍ 2008 നുശേഷം ആര്‍സിബിയുടെ ആദ്യ ജയം ആധികാരികതയോടെയായിരുന്നു
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് എംഎസ് ധോണിയുടെ മഞ്ഞപ്പട. അമ്പത് റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടത്. നിശ്ചിത ഓവറില്‍ 197 റണ്‍സ് വിജയലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ചെന്നൈയ്ക്കായില്ല.
ഐപിഎല്‍ ചരിത്രത്തില്‍ 18 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ കോട്ടയാണ് ആർസിബി തൂഫാനാക്കിയത്. ചെപ്പോക്കില്‍ 2008 നുശേഷം ആര്‍സിബിയുടെ ആദ്യ ജയം ആധികാരികതയോടെയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 196 റണ്‍സ് ആണ് നേടിയത്. നായകന്‍ രജത് പാട്ടീദാര്‍ അര്‍ധ സെഞ്ച്വറി നേടി. ആര്‍സിബിക്കു വേണ്ടി വിരാട് കോഹ്ലി 30 പന്തില്‍ 31 റണ്‍സും ഫില്‍ സാൾട്ട് 16 പന്തില്‍ 32 റണ്‍സും എടുത്തു. അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ടിം ഡേവിഡാണ് സ്‌കോര്‍ 196 ല്‍ എത്തിച്ചത്. സാം കറന്റെ ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 8 പന്തില്‍ 22 റണ്‍സ് ആണ് ടിം അടിച്ചെടുത്തത്.
ചെന്നൈക്കു വേണ്ടി നൂര്‍ മുഹമ്മദ് മൂന്ന് വിക്കറ്റും മതീഷ പതിരാന രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുടക്കം മുതല്‍ പിഴച്ചിരുന്നു. ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിന് ചെന്നൈയുടെ കഥ ആര്‍സിബി അവസാനിപ്പിച്ചു. എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
രണ്ടാം ഓവറില്‍ തന്നെ ചെന്നൈക്ക് ഓപ്പണര്‍ രാഹുല്‍ ത്രിപാഠി(5) നെ നഷ്ടമായി. ഹേസല്‍വുഡായിരുന്നു അന്ത്യം കുറിച്ചത്. രാഹുലിനെ ഫില്‍ സാള്‍ട്ടിന്റെ കൈകളിലെത്തിച്ച ഹേസല്‍വുഡ് പിന്നാലെ നായകന്‍ റുതുരാജിനെ(0)യും മടക്കി. പിന്നാലെ എത്തിയ ദീപക് ഹൂഡ(4)യെ ഭുവിയും തിരിച്ചയച്ചു. പവര്‍ പ്ലേയില്‍ ചെന്നൈ 40-3 എന്ന നിലയില്‍ ഒതുങ്ങി. പിന്നാലെ, സാം കറനും (8) മടങ്ങി.
ആര്‍സിബിക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് മൂന്നും ലിയാം ലെവിങ്‌സ്റ്റണും യാഷ് ദയാലും രണ്ട് വിക്കറ്റും നേടി. രണ്ടാം ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.