മലപ്പുറം സ്വദേശി സുകാന്ത് സുരേഷിനെതിരെ മേഘയുടെ പിതാവ് മധുസൂദനൻ ആരോപണം ഉന്നയിച്ചിരുന്നു
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിന് പിന്നാലെ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവിൽ പോയത് മരണത്തിന്‍റെ രണ്ടാം ദിനം. മേഘയുടെ മരണ വാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയ സുകാന്തിനെ ഐബി ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിച്ചത്. തൊട്ടടുത്ത ദിവസം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ALSO READ: റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്ന് തിയേറ്ററുകളിലെത്തുമോ?; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തിയേറ്റർ ഉടമകൾ
മലപ്പുറം സ്വദേശി സുകാന്ത് സുരേഷിനെതിരെ മേഘയുടെ പിതാവ് മധുസൂദനൻ ആരോപണം ഉന്നയിച്ചിരുന്നു. ഇയാൾ കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനാണ്. സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണെന്നും മേഘയുടെ പിതാവ് പറഞ്ഞു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു. മേഘയുടെ മരണത്തെത്തുടർന്ന് സുകാന്ത് അവധിയിലാണെന്നാണ് ലഭ്യമാകുന്ന വിവരമെന്നാണ് മധുസൂദനൻ പറഞ്ഞത്.
മാർച്ച് 24നായിരുന്നു പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 കാരിയായ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ ഇവിടേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്. സംഭവത്തിന് പിന്നാലെ ഇൻ്റലിജൻസ് ബ്യൂറോ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയാണ് മേഘ.