സുരേഷ് ഗോപിയുടെ സന്ദർശനം വ്യക്തിപരമാണെന്നും ചേറ്റൂരിൻ്റെ കുടുംബം പ്രതികരിച്ചു
മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് അവഗണിച്ചെന്ന ആരോപണവുമായി കുടുംബം. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ഏക മലയാളിയായിട്ടും അവഗണിച്ചു. കേന്ദ്ര സർക്കാർ അർഹമായ ആദരവ് നൽകുമെന്നാണ് കരുതുന്നത്. സുരേഷ് ഗോപിയുടെ സന്ദർശനം വ്യക്തിപരമാണെന്നും ചേറ്റൂരിൻ്റെ കുടുംബം പ്രതികരിച്ചു. ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചതിന് പിന്നാലെയാണ് കുടുംബത്തിൻ്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു സുരേഷ്ഗോപിയുടെ സന്ദർശനം. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലുമാണ് സുരേഷ് ഗോപി ചെന്നത്. ഒറ്റപ്പാലത്ത് ചേറ്റൂരിന് സ്മാരകം നിർമിക്കാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചിരുന്നു. ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സുരേഷ്ഗോപിയുടെ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു. ചേറ്റൂരിൻ്റെ പുത്രന് കേരള ജനത ഒന്നാകെ ആദരവർപ്പിക്കണമെന്നാണ് മോദി പറഞ്ഞത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്രിട്ടീഷുകാർക്ക് എതിരെ നിയമയുദ്ധം നടത്തിയ ആളാണ് ചേറ്റൂർ. തികഞ്ഞ ദേശീയവാദിയും അഭിഭാഷകനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതി കയറ്റി അവരുടെ ക്രൂരത തുറന്നുകാട്ടുന്നതിൽ ചേറ്റൂർ വലിയ പങ്കുവഹിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.