fbwpx
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ; കേന്ദ്രത്തിൻ്റെ അനുമതി തേടും
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Dec, 2024 09:41 PM

ആദ്യഘട്ടത്തില്‍ അങ്കമാലി -എരുമേലി -നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും

KERALA


ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടും. ആദ്യഘട്ടത്തില്‍ അങ്കമാലി -എരുമേലി -നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും.


തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിം​ഗിൾ ലൈനുമായി മുന്നോട്ട് പോകുമെന്നും, വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരി​ഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98 ലെ റെയിൽവേ ബജറ്റിലെ നിർദേശമാണ്. ഈ പദ്ധതിക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായിട്ടുണ്ട്. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുമ്പുത്തന്നെ പൂർത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണം ആസൂത്രണം ചെയ്‌തിരുന്നു.


ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ


അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 26.09.2019 ലെ റെയിൽവേ ബോർഡിൻ്റെ കത്ത് മുഖാന്തിരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവച്ചിരിക്കുകയാണ്.



അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50% തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിരുന്നു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50% ചെലവ് കിഫ്ബി വഴി വഹിക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് 07.01.2021ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണ ചെലവ് 3,800.93 കോടി രൂപയായി വർധിച്ചു. റെയിൽവേ ബോർഡിൻ്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50% തുക പങ്കിടുന്നതിനുള്ള സന്നദ്ധത സംസ്ഥാന സർക്കാർ നൽകിയെങ്കിലും റെയിൽവേ യാതൊരു പ്രതികരണവും നടത്തിയില്ല.


കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ -പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി. വിഗ്നേശ്വരി, കോട്ടയം കലക്ടര്‍ ജോൺ വി സാമുവൽ തുടങ്ങിയവര്‍ പങ്കെടുത്തു.


NATIONAL
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം
Also Read
user
Share This

Popular

WORLD
WORLD
WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: ആക്രമണത്തിന് മുമ്പ് സുരക്ഷാ വീഴ്ചകളുണ്ടായോ എന്ന് അന്വേഷിക്കാൻ ജർമനി