അഭിമുഖത്തില്‍ ദി ഹിന്ദു പത്രം വ്യക്തത വരുത്തണമെന്ന് ആവശ്യം
ദി ഹിന്ദു പത്രത്തില്‍ വന്ന അഭിമുഖത്തിലെ മലപ്പുറം വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അഭിമുഖത്തില്‍ ഏതെങ്കിലും പ്രദേശത്തെയോ മതവിഭാഗത്തെയോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
അഭിമുഖത്തില്‍ ദേശവിരുദ്ധമെന്നോ രാജ്യവിരുദ്ധമെന്നോ പറഞ്ഞിട്ടില്ല. പത്രത്തില്‍ വന്നത് മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടുകള്‍ അല്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഇടയാക്കിയത് തെറ്റായ വ്യാഖ്യാനമാണ്. അഭിമുഖത്തില്‍ ദി ഹിന്ദു പത്രം വ്യക്തത വരുത്തണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
Also Read: സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു: പിണറായി വിജയൻ
കഴിഞ്ഞ ദിവസമാണ് ദി ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. 'ആര്‍എസ്എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും സിപിഎം എപ്പോഴും ശക്തമായി എതിര്‍ത്തിട്ടുണ്ട്'. എന്ന പേരിലായിരുന്നു അഭിമുഖം. 'കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടി, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നത്' എന്നായിരുന്നു അഭിമുഖത്തില്‍ പറഞ്ഞത്.
Also Read: മുഖ്യമന്ത്രിയും ഇടതുപക്ഷവും ആർഎസ്എസിൻ്റെ വക്താക്കളായി: മൂവാറ്റുപുഴ അഷ്റഫ് മൗലവി
സിപിഎം ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണമായിട്ടായിരുന്നു പരാമര്‍ശം.
മുസ്ലീം തീവ്രവാദ ശക്തികള്‍ക്ക് എതിരെ നടപടിയെടുക്കുമ്പോള്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മുസ്ലീം വിരോധികളാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതായും അഭിമുഖത്തില്‍ പറയുന്നുണ്ട്.