കേരളം ഒരു പ്രത്യേക ഘട്ടത്തിൽ എത്തപ്പെട്ടുവെന്ന് കരുതി എന്തുമാകാമെന്ന് കരുതരുത്. അനുവദിച്ച ലോൺ ഉപയോഗിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര ധനസഹായത്തെ ചൊല്ലി കേരള-കേന്ദ്ര സർക്കാരുകൾ തമ്മിൽ വാക്ക്പോരുകൾ മുറുകുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കേന്ദ്ര സർക്കാർ അനുവദിച്ചത് കടുത്ത ഉപാധികളോടു കൂടിയ ലോൺ ആണെന്നും കേന്ദ്രത്തിൻ്റേത് ഭയപ്പെടുത്തുന്ന ഉപാധികളാണെന്നും റവന്യൂ മന്ത്രി കെ. രാജൻ വിമർശിച്ചു.
"SASKCI വ്യവസ്ഥയിലെ നിബന്ധനകൾ കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന ക്രൂരതയാണ്. ഇത് കടുത്ത നീതിനിഷേധമാണ്. കൃത്യമായ കണക്കുകളോടെയാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ആവശ്യമുന്നയിച്ചത്. 45 ദിവസത്തിനകം ചിലവഴിക്കണം എന്ന വ്യവസ്ഥയോടെയാണ് ലോൺ കൈമാറുന്നത്. പണം വകമാറ്റി ചെലവഴിച്ചാൽ കേരളത്തിൻ്റെ മറ്റു വിഹിതങ്ങളിൽ കുറവ് വരുത്തുമെന്നും പ്രഖ്യാപനമുണ്ട്. കേരളം ഒരു പ്രത്യേക ഘട്ടത്തിൽ എത്തപ്പെട്ടു എന്ന് കരുതി എന്തുമാകാം എന്ന് കരുതരുത്. അനുവദിച്ച ലോൺ ഉപയോഗിക്കും. പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം ചേരും. നടപ്പിലാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കും. മുൻപ് ഇത്തരമൊരു അനുഭവമില്ലാത്തതിനാൽ ഏത് വിധത്തിൽ കാര്യങ്ങൾ നടത്തണമെന്ന് ആലോചിക്കും," റവന്യൂ മന്ത്രി പറഞ്ഞു.
വയനാട് കേന്ദ്ര സഹായം എന്നത് കുറുക്കന് കൊറ്റിയോട് തോന്നിയ സഹായമാണെന്നും മാർച്ച് 31നകം പണം വിനിയോഗിക്കണം എന്നത് കുറുക്കൻ്റെ ബുദ്ധിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. ഇത്രയും ക്രൂരമായ വിനോദം ഒരു സംസ്ഥാന സർക്കാരിനോടും കാണിക്കരുതെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞു. തുടയിലെ ഇറച്ചി എടുത്തു കൊള്ളൂ, പക്ഷെ രക്തം കിനിയരുതെന്ന് പറഞ്ഞ പോലെയാണ് സഹായം എന്ന് പുരാണത്തെ ഉദാഹരിച്ച് മന്ത്രി വിമർശിച്ചു. ഇത്രയും ക്രൂരമായ വിനോദം ഒരു സംസ്ഥാന സർക്കാരുകളോടും കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇത് കേന്ദ്ര സർക്കാർ കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കടുത്ത അവഗണനയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമർശിച്ചു.
അതേസമയം, ഇടതു സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. 50 വർഷത്തെ വായ്പ ഗ്രാൻ്റിന് തുല്യം തന്നെയാണെന്നും, 50 വർഷത്തിന് ശേഷമുള്ള വായ്പയെ കുറിച്ചോർത്ത് പിണറായി വിജയൻ ബേജാർ ആവേണ്ടെന്നും കെ. സുരേന്ദ്രൻ കേരള സർക്കാരിനെ പരിഹസിച്ചു.
"കേരള സർക്കാർ രാഷ്ട്രീയ പ്രചരണം അല്ല നടത്തേണ്ടത്. സമയപരിധി നീട്ടി കിട്ടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം. കൂടുതൽ സഹായം കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകും. 50 വർഷത്തെ വായ്പ ഗ്രാൻഡ് തന്നെയാണ്. ഫണ്ട് ചെലവഴിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. സമയപരിധി നീട്ടുന്നതിനെ കുറിച്ചുള്ള ആവശ്യം സംസ്ഥാന സർക്കാരിന് ഉയർത്താം. ഒരു സർക്കാരിൻ്റേയും ഉത്തരവ് ഇരുമ്പുലയ്ക്കയല്ല. ഇതിന് മുൻപ് നൽകിയ ഫണ്ട് ഉപയോഗിക്കാതെ അതിനുമുകളിൽ അടയിരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. സർക്കാരും എംപിമാരും അതിനായി സമ്മർദ്ദം ഉയർത്തണം," സുരേന്ദ്രൻ പറഞ്ഞു.
ALSO READ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ധനസഹായമില്ല; 529.50 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്രം
അതേസമയം, ഇടതു സർക്കാരിൻ്റെ സഹായത്തോടെ കേരളത്തിൽ പ്രാകൃതമായ രീതിയിലുള്ള റാഗിങ്ങിന് നേതൃത്വം നൽകുന്നത് എസ്എഫ്ഐ ആണെന്നും ഏറ്റവും വലിയ സാമൂഹ്യവിരുദ്ധ സംഘടനയായി എസ്എഫ്ഐ മാറുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിമർശിച്ചു. വയനാട് സിദ്ധാർഥിൻ്റെ മരണത്തിനു ശേഷവും ഇത് തുടരുകയാണ്. സംസ്ഥാനത്ത് റാഗിങ്ങിനെതിരെ ബിജെപി ഹെൽപ്പ് ഡെസ്ക് ആരംഭിക്കും. കോട്ടയത്താണ് ആദ്യം ആരംഭിക്കുന്നതെന്നും സുരേന്ദ്രൻ വിശദീകരിച്ചു.