കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും
കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് സർവകക്ഷി യോഗം ചേരും. ആറളം ഫാമിലെ ആന മതിൽ നിർമാണം വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം. ഇന്ന് ചേരുന്ന യോഗത്തിൽ ടിആർഡിഎമ്മിന് ഇതില്‍ നിർദേശം നൽകും. ഫാമിന് സമീപത്തെ അടിക്കാടുകൾ വെട്ടിമാറ്റാനും നിർദേശം നൽകും. ജില്ലാ കളക്ടർ പങ്കെടുക്കുന്ന യോഗം രാവിലെ നടക്കും. ആദ്യ ഘട്ട നഷ്ടപരിഹാരമായി 5 ലക്ഷം രൂപ വീതം ഇന്ന് മരിച്ചവരുടെ കുടുംബത്തിന് കൈമാറും.
Also Read: വിദ്വേഷ പരാമർശ കേസ്: പി.സി. ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യും
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ 11 മണിയോടെ പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കാൻ പോകും വഴിയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരെ കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ദമ്പതികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മരിച്ച വെള്ളിയുടേയും ലീലയുടേയും മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. മൃതദേഹങ്ങള്‍ കയറ്റിയ രണ്ട് ആംബുലന്‍സും നാട്ടുകാര്‍ തടഞ്ഞു. ഡിഎഫ്ഒ ഉള്‍പ്പെടെ സ്ഥലത്ത് എത്തണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ചർച്ചകള്‍ക്കൊടുവിലാണ് മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
Also Read: വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്‌ഫോമറിന്; കെഎസ്ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം!
അതേസമയം, കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രണ്ട് മാസത്തിനിടെ ഒന്‍പത് പേരാണ് കേരളത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറളം മേഖലയിൽ മാത്രം 10 വർഷത്തിനിടെ 17 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.