20 സീറ്റുകളിലാണ് ഹാക്കിങ്ങ് നടന്നതെന്നും അതിൽ ഏഴ് സീറ്റുകൾ സംബന്ധിച്ച ഡോക്യുമെൻ്ററി തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു
ഹരിയാനയിലെ പരാജയത്തിന് പിന്നാലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി കോൺഗ്രസ് നേതാക്കൾ. 20 സീറ്റുകളിലാണ് ഹാക്കിങ്ങ് നടന്നതെന്നും അതിൽ ഏഴ് സീറ്റുകൾ സംബന്ധിച്ച ഡോക്യുമെൻ്ററി തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. മറ്റു 13 സീറ്റുകളിലെ തെളിവുകൾ 48 മണിക്കൂറിനുള്ളിൽ സമർപ്പിക്കുമെന്നും നേതാവ് വ്യക്തമാക്കി.
"അന്വേഷണം പൂർത്തിയാകുന്നതുവരെ എല്ലാ മെഷീനുകളും സീൽ ചെയ്ത് സുരക്ഷിതമാക്കാൻ ഇലക്ഷൻ കമ്മീഷനോട് അഭ്യർഥിച്ചിട്ടുണ്ട്. കർണാൽ, ദബ്‌വാലി, റെവാരി, പാനിപത്ത് സിറ്റി, ഹോദൽ, കൽക്ക, നർനൗൾ എന്നിവിടങ്ങളിലെ മെഷീനുകൾ ഹാക്ക് ചെയ്യപ്പെട്ടതിനുള്ള തെളിവുകളും പാർട്ടി സമർപ്പിച്ചു," പവൻ ഖേര വ്യക്തമാക്കി.
കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നെന്നും ഈ ഫലം ഞെട്ടിക്കുന്നതാണെന്നുമായിരുന്നു ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ പ്രസ്താവന. തപാൽ ബാലറ്റുകൾ എണ്ണിയപ്പോൾ കോൺഗ്രസ് മുന്നിട്ടുനിന്നിരുന്നു. എന്നാൽ ഇവിഎമ്മുകളിൽ നിന്നുള്ള വോട്ടുകൾ എണ്ണിയതിന് പിന്നാലെയാണ് ബിജെപി മുന്നോട്ടെത്തിയതെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹരിയാനയിലെ അപ്രതീക്ഷിത ഫലം പരിശോധിക്കുകയാണെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. ഹരിയാനയിലെ ഫലങ്ങൾ തീർത്തും അപ്രതീക്ഷിതവും ആശ്ചര്യകരവുമാണെന്നും ഇത് യാഥാർഥ്യ വിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശും അഭിപ്രായപ്പെട്ടു. വോട്ടെണ്ണൽ പ്രക്രിയ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) പ്രവർത്തനം എന്നിവയെക്കുറിച്ച് കുറഞ്ഞത് മൂന്ന് ജില്ലകളിൽ നിന്നെങ്കിലും വളരെ ഗുരുതരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് ആരോപണം.
ALSO READ: "ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ യാഥാർഥ്യ വിരുദ്ധം, അംഗീകരിക്കാനാവില്ല,": ജയറാം രമേശ്
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തുടർച്ചയായി മൂന്നാം വട്ടവും ബിജെപി മുന്നേറ്റത്തിനാണ് സാക്ഷിയായത്. 90 സീറ്റുകളില്‍ ബിജെപി 48ഉം കോണ്‍ഗ്രസ് സഖ്യം 37 സീറ്റുമാണ് നേടിയത്. ജുലാനയിലെ അഭിമാനപ്പോരാട്ടത്തില്‍ വിനേഷ് ഫോഗട്ട് വിജയിച്ചത് കോൺഗ്രസിന് ആശ്വാസമായി. എന്നാൽ ഭൂപീന്ദർ സിങ് ഹൂഡയെ കേന്ദ്രീകരിച്ചുള്ള പ്രചരണം, കുമാരി സെൽജ, അശോക് തൻവർ, രൺദീപ് സുർജെവാലയടക്കം പല നേതാക്കളുമായും ഹൂഡയ്ക്കുള്ള പടലപിണക്കങ്ങൾ എന്നിവ കോണ്‍ഗ്രസിനു തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.