ഹരിയാന തെരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നത് മന്ദഗതിയിലാണെന്ന് പരാതിപ്പെട്ട് കോൺഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു
എക്‌സിറ്റ് പോളുകളെയും പ്രവചനങ്ങളെയും തിരുത്തിക്കുറിച്ച ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കോൺഗ്രസ്. ഈ ഫലങ്ങൾ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാണെന്നും, കോൺഗ്രസിന് അത് അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്ന തരത്തിലുള്ള ട്രെൻഡുകളാണ് പുറത്തുവന്നതെങ്കിലും, മണിക്കൂറുകൾക്കകം അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് ബിജെപി നടത്തിയത്. ഹരിയാന തെരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നത് മന്ദഗതിയിലാണെന്ന് പരാതിപ്പെട്ട് കോൺഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
വൈകീട്ട് അഞ്ച് മണിയോടെ നടന്ന പത്രസമ്മേളനത്തിലൂടെയാണ് കോൺണഗ്രസ് നേതാവ് ജയറാം രമേശ് തെരഞ്ഞെടുപ്പ് ട്രെൻഡിലെ തൻ്റെ ആശ്ചര്യം രേഖപ്പെടുത്തിയത്. "ഹരിയാനയിലെ ഫലങ്ങൾ തീർത്തും അപ്രതീക്ഷിതവും ആശ്ചര്യകരവുമാണ്. ഇത് യാഥാർഥ്യ വിരുദ്ധമാണ്. മാറ്റത്തിനും പരിവർത്തനത്തിനും വേണ്ടി കാത്തിരുന്ന ഹരിയാനയിലെ ജനങ്ങളുടെ ആഗ്രഹത്തിന് എതിരാണ് ഫലങ്ങൾ. ഇന്ന് ഹരിയാനയിൽ കണ്ടത് കൃത്രിമമായ വിജയമാണ്. സുതാര്യവും ജനാധിപത്യപരവുമായ പ്രക്രിയകളുടെ പരാജയമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. ഹരിയാനയിലെ അധ്യായം ഇതുകൊണ്ട് അവസാനിക്കുന്നതല്ല," ജയറാം രമേശ് പറഞ്ഞു.
ALSO READ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് : "അമിത ആത്മവിശ്വാസം ആപത്ത്"; ഉപദേശവുമായി അരവിന്ദ് കെജ്‌രിവാൾ
ഉച്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നെന്നും നേതാവിൻ്റെ പരാതികൾക്ക് അവർ മറുപടി നൽകിയെന്നും ജയറാം രമേശ് വ്യക്തമാക്കി. വോട്ടെണ്ണൽ പ്രക്രിയ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) പ്രവർത്തനം എന്നിവയെക്കുറിച്ച് കുറഞ്ഞത് മൂന്ന് ജില്ലകളിൽ നിന്നെങ്കിലും വളരെ ഗുരുതരമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും വിഷയം ഇന്ന് തന്നെയോ, അടുത്തദിവസമോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അവതരിപ്പിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ഹരിയാനയിൽ 16 കോൺഗ്രസ് സിറ്റിങ്ങ് എംഎൽഎമാരാണ് തോറ്റത്. നാഷണൽ കോൺഫറൻസുമായി സഖ്യം ചേർന്നതിനാൽ മാത്രമായിരുന്നു ജമ്മുവിലെ കോൺഗ്രസ് വിജയം. പാർട്ടി ആത്മപരിശോധന നടത്തേണ്ടതുണ്ടോ എന്ന ചോദ്യം പത്രസമ്മേളനത്തിൽ ഉയർന്നപ്പോൾ, അതിനുള്ള സമയം വരുമെന്നായിരുന്നു ജയറാം രമേശിൻ്റെ മറുപടി. തെരഞ്ഞെടുപ്പ് സംവിധാനം ദുരുപയോഗം ചെയ്യപ്പെട്ടു എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ALSO READ: രാഹുലിൻ്റെ ജിലേബികൾ ഏറ്റെടുത്ത് ബിജെപി; ഹരിയാന തെരഞ്ഞെടുപ്പിലെ 'ജിലേബി ഫാക്ടർ'
അതേസമയം, ഹരിയാന തെരഞ്ഞടുപ്പ് ഫലം മനപൂർവം വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി ജയറാം രമേശ് നേരത്തെ രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ സാവധാനമാകുന്നതോടെ ഹരിയാനയിലെ ട്രെൻഡുകൾ വെച്ച് കോൺഗ്രസിന് പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കും . സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഇത്തരം ഉദാഹരണങ്ങൾ കാണാം. ഇത്തരം മോശം വിവരണങ്ങൾ ഉപയോഗിച്ച് വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രങ്ങളിലും എതിരാളികൾ സ്വാധീനം ചെലുത്തുമോ എന്ന ഭയമുണ്ടെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിൻ്റെ പക്ഷം.
എന്നാൽ കോൺഗ്രസിൻ്റെ ആരോപണങ്ങൾ നിരസിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ മണ്ഡലങ്ങളിലെയും ഏകദേശം 25 റൗണ്ടുകൾ ഓരോ അഞ്ച് മിനിറ്റിലും അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. നിരുത്തരവാദപരവും അടിസ്ഥാനരഹിതവും സ്ഥിരീകരിക്കാത്തതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ജയറാം രമേശിൻ്റെ ശ്രമത്തെ നിസംശയം തള്ളികളയുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.