കാൽനട യാത്ര പോലും ദുസഹമായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
കോഴിക്കോട് പുതിയപാലത്ത് പുതിയ പാലം വേണമെന്ന പ്രദേശവാസികളുടെ സ്വപ്നം ഇനിയും യാഥാർത്ഥ്യമായില്ല. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ പാലം പണി ആരംഭിച്ചു. 2022ൽ തുടക്കമിട്ട പാലത്തിൻ്റെ നിർമാണ പ്രവർത്തികൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. എന്നാൽ പ്രവൃർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ ജനജീവിതം ദുസഹമാക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രണ്ടര വർഷമാകുമ്പോൾ ഇതുവരെ പാലത്തിന്റെ 35 ശതമാനം പണി മാത്രമാണ് പൂർത്തികരിച്ചത്. കാൽനട യാത്ര പോലും ദുസഹമായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പുനരധിവാസവും സ്ഥലമേറ്റെടുപ്പുമുൾപ്പെടെ 59 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്. 23.73 കോടിയാണ് നിർമാണച്ചെലവ്. പിഎംആർ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. 195 മീറ്റർ നീളമുള്ള പാലത്തിനു ഇരുവശത്തുമായി അപ്രോച്ച് റോഡുകളും സർവീസ് റോഡുകളും നിർമിക്കും. പാലത്തിന്റെ പ്രവർത്തികൾ ആരംഭിച്ചത് മുതൽ ഓവുചാലുകളെല്ലാം തടസ്സപ്പെട്ടതിനാൽ ചെറിയ മഴയിൽ പോലും പ്രദേശത്ത് വലിയ രീതിയിലുള്ള വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. കൂടാതെ സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ കേടുപാടുകൾ സംഭവിച്ച റോഡുകളെല്ലാം അതേ സ്ഥിതിയിൽ തുടരുകയാണ്. രാത്രിയാകുന്നതോടെ പ്രദേശത്ത് വെളിച്ചവുമില്ലാതെയാകും.
റെയിൽവേ സ്റ്റേഷന്‍, തളി, കല്ലായി എന്നിവിടങ്ങളില്‍നിന്ന് മിനിബൈപ്പാസിലേക്ക് എളുപ്പത്തിലെത്താനുള്ള വഴി കൂടിയാണിത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകുകയാണെന്ന ആക്ഷേപവും പ്രദേശവാസികൾക്കിടയിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നേരിട്ട തടസമാണ് പാലം പണി ആരംഭിക്കാൻ വൈകിയതിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.