fbwpx
അസാധാരണത്വം, അനിശ്ചിതത്വം; ട്രംപിന്റെ രണ്ടാം വരവില്‍ ലോകം എന്ത് പ്രതീക്ഷിക്കണം?
logo

എസ് ഷാനവാസ്

Last Updated : 18 Jan, 2025 10:53 AM

ആദ്യ ഭരണകാലത്തിനുശേഷം നേരിട്ട തിരിച്ചടികള്‍ക്കെല്ലാം മിന്നും ജയംകൊണ്ട് കണക്കുതീര്‍ത്താണ്, ലോകത്തിലെ ഏറ്റവും കരുത്താര്‍ന്ന അധികാരക്കസേരയിലേക്ക് ട്രംപ് മടങ്ങിയെത്തുന്നത്.

WORLD



യുഎസില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറാന്‍ മണിക്കൂറുകള്‍ മാത്രം. ചരിത്രജയം സ്വന്തമാക്കിയാണ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ തയ്യാറെടുക്കുന്നത്. ഗ്രോവര്‍ ക്ലീവ്‌ലന്‍ഡിനുശേഷം, തുടര്‍ച്ചയായല്ലാതെ രണ്ടാം തവണയും അധികാരത്തിലേറുന്ന രണ്ടാമത്തെ പ്രസിഡന്റാണ് ട്രംപ്. ആദ്യ ഭരണകാലത്തിനുശേഷം നേരിട്ട തിരിച്ചടികള്‍ക്കെല്ലാം മിന്നും ജയംകൊണ്ട് കണക്കുതീര്‍ത്താണ്, ലോകത്തിലെ ഏറ്റവും കരുത്താര്‍ന്ന അധികാരക്കസേരയിലേക്ക് ട്രംപ് മടങ്ങിയെത്തുന്നത്. അസാധാരണത്വമാണ് ട്രംപിന്റെ മുഖമുദ്ര. അത് വാക്കിലും പ്രവൃത്തിയിലും എല്ലായ്പ്പോഴും തെളിഞ്ഞുനില്‍ക്കും. ലോകരാഷ്ട്രീയത്തില്‍ അത് എങ്ങനെയാവും പ്രതിഫലിക്കുക?

തമ്മില്‍ ഭേദം ആര്? എന്നൊരു ചോദ്യത്തിനായിരുന്നു അമേരിക്കക്കാര്‍ ഇക്കുറി ട്രംപ് എന്ന് മറുപടി നല്‍കിയത്. 2016ലെ ആദ്യ ഭരണകാലത്ത്, വീണ്ടുവിചാരമില്ലാത്ത നയങ്ങളും, ബെല്ലും ബ്രേക്കുമില്ലാത്ത അഭിപ്രായപ്രകടനങ്ങളുംകൊണ്ടാണ് ട്രംപ് ശ്രദ്ധിക്കപ്പെട്ടത്. അതിനെതിരെ ജനം വിധിയെഴുതിയപ്പോള്‍, അത് അംഗീകരിക്കാന്‍ തയ്യാറാകാതെ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചു. ക്യാപിറ്റോള്‍ ഹില്ലിലേക്ക് അക്രമം അഴിച്ചുവിടാന്‍ അണികളോട് ആഹ്വാനം ചെയ്തു. സകല അടവും പയറ്റി, ഒടുവില്‍ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങിയ മുന്‍ പ്രസിഡന്റ്. രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുകയും, രണ്ട് തവണയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത പ്രസിഡന്റ് എന്ന ചീത്തപ്പേരും സ്വന്തം. ഏകാധിപത്യ പ്രവണതകള്‍ പ്രകടമാക്കി ജനാധിപത്യത്തിനുമേല്‍ ആക്രമണം അഴിച്ചുവിട്ട റിപ്പബ്ലിക്കന്‍ നേതാവിനെയാണ് അമേരിക്കന്‍ ജനത പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. നാല് വര്‍ഷത്തെ ജോ ബൈഡന്‍-കമല ഹാരിസ് ഭരണത്തിനെതിരായ ജനങ്ങളുടെ വികാരം കൂടിയാണ് ട്രംപ് മുതലെടുത്തത്. ആഭ്യന്തരരംഗത്തും ലോകരാഷ്ട്രങ്ങള്‍ക്കിടയിലും അമേരിക്കയുടെ പ്രതാപം നഷ്ടപ്പെട്ടെന്നും അത് വീണ്ടെടുക്കാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞും, കൈയ്യടി നേടിയുമാണ് ട്രംപ് രണ്ടാം ഭരണകാലം നേടിയെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ, അമേരിക്ക ഫസ്റ്റ് എന്ന 2016ലെ നയം തന്നെയാകും ട്രംപ് പിന്തുടരുകയെന്ന് ഉറപ്പാക്കാം.



അവസാനിപ്പിക്കേണ്ട രണ്ട് യുദ്ധങ്ങള്‍
മൂന്ന് വര്‍ഷത്തോടടുക്കുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധം, ഒരു വര്‍ഷമായി തുടരുന്ന ഇസ്രയേല്‍-ഗാസ യുദ്ധം, കോവിഡ് മഹാമാരി പടര്‍ത്തിയ അനിശ്ചിതത്വത്തില്‍നിന്ന് പുറത്തുകടക്കാത്ത ആഗോള സമ്പദ്ഘടന... ട്രംപിന്റെ ആഭ്യ ഭരണകാലത്തേക്കാള്‍ കലുഷിതമാണ് ആഗോള രാഷ്ട്രീയ ഭൂമിക. യുഎസിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, യുദ്ധസാഹചര്യങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുന്നതായി സൂചനകളുണ്ട്. ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്തബന്ധം പുലര്‍ത്തുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം, അതൊരു നല്ല തുടക്കമാണ്. എന്നാല്‍, മേഖലയില്‍ നെതന്യാഹുവിന്റെ നയങ്ങള്‍ ശക്തിപ്രാപിക്കാന്‍ ട്രംപിന്റെ വരവ് കാരണമായേക്കുമെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്. മാത്രമല്ല, കടുത്ത ഇസ്രയേല്‍ അനുകൂലിയെന്ന് സ്വയം വിശേഷിപ്പിച്ചിട്ടുള്ള ട്രംപില്‍നിന്ന് പലസ്തീനും ഇറാനുമൊക്കെ നന്മ പ്രതീക്ഷിക്കണമോ എന്ന ചോദ്യവും ബാക്കിയാണ്.



അധികാരത്തിലേറി 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷമോ വേണ്ടിവന്നേക്കുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ തന്നെ നല്‍കുന്ന വിവരം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചേര്‍ന്നുനില്‍ക്കാന്‍ താല്പര്യപ്പെടുന്ന ട്രംപ്, യുക്രെയ്ന് സൈനിക-സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ തയ്യാറായേക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനോടും മറ്റു സഖ്യകക്ഷികളോടും അടുക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് റഷ്യയുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് യുക്രെയ്നുമേല്‍ ട്രംപ് ഭരണകൂടം സമ്മര്‍ദം ചെലുത്തിയേക്കാം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കിയെ നിരന്തരം വിമര്‍ശിക്കുന്ന ട്രംപില്‍നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. ഇതിനോടകം റഷ്യ കൈയ്യടക്കിയ ഭൂപ്രദേശങ്ങള്‍ യുക്രെയ്ന് തിരിച്ചുകിട്ടുമോ എന്നും കണ്ടറിയണം.

വിദേശനയം
വിദേശനയം സംബന്ധിച്ച് കൃത്യമായൊരു മാര്‍ഗരേഖ ഇല്ലാ, എന്നതാണ് ട്രംപിനെതിരായ പ്രധാന വിമര്‍ശനം. ട്രംപിന്റെ ആദ്യഭരണകാലത്തെ വിദേശനയങ്ങളെയും, രാജ്യാന്തര ഇടപാടുകളെയും, 'ഒരു പിടി ജയവും അതിലുപരി പരാജയവും' എന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റീഫന്‍ വോള്‍ട്ട് വിശേഷിപ്പിച്ചത്. ട്രംപിന്റെ 'ആദ്യം അമേരിക്ക' എന്ന നയം പൊട്ടിപ്പാളീസായി, 'അമേരിക്ക ഒറ്റയ്ക്ക്' എന്ന അവസ്ഥയിലെത്തിയെന്നാണ് ഒബാമ ഭരണത്തില്‍ നിയമ നിര്‍മാണ വകുപ്പില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ജോയല്‍ റൂബിന്‍ വിമര്‍ശിച്ചത്. രാജ്യങ്ങളോടും രാജ്യത്തലന്മാരോടും, അന്താരാഷ്ട്ര സംഘടനകളോടുമുള്ള ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചായിരിക്കും ട്രംപിന്റെ വിദേശനയം. ഇസ്രയേലും, റഷ്യയും, ചൈനയും തുടങ്ങി നാറ്റോയുടെയും, ലോക വ്യാപാര സംഘടനയുടെയും, ലോകാരോഗ്യ സംഘടനയുടെയും കാര്യത്തില്‍ അത് കണ്ടതാണ്.


ALSO READ: അധികാരമേൽക്കാൻ ഇനി ദിവസങ്ങൾ മാത്രം; ചടങ്ങ് ചരിത്രസംഭവമാക്കാൻ ഡൊണാൾഡ് ട്രംപ്


ചൈനയെ ശത്രുപക്ഷത്തു നിര്‍ത്തുന്നതാണ് ട്രംപിന്റെ നയം. ചൈനയ്ക്കെതിരായ വാചകകസര്‍ത്തുകളായിരുന്നു ആദ്യ തെരഞ്ഞെടുപ്പിലും ട്രംപിന്റെ പ്രചരണായുധം. ആദ്യഭരണത്തിന്റെ അവസാന നാളുകളില്‍, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഭീമമായ തീരുവ ചുമത്തിയിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരം തദ്ദേശീയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അമേരിക്കന്‍ ജനതയോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് സമ്പദ്ഘടനയ്ക്കും കോട്ടം വരുത്തിയ നയമെന്ന് അന്ന് പരക്കെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. രണ്ടാം വരവിലും അത് മാറാന്‍ ഇടയില്ല. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 60 ശതമാനത്തിലധികം തീരുവ ചുമത്താനാണ് പദ്ധതിയെന്നാണ് ചില അഭിമുഖങ്ങളില്‍ ട്രംപ് തന്നെ നല്‍കുന്ന സൂചന. കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ട്രംപ് മെക്സിക്കോ, ഇന്ത്യ ഉള്‍പ്പെടെ പ്രധാന വ്യാപാര പങ്കാളികളുടെ കാര്യത്തിലും സമാന നയം തന്നെ സ്വീകരിച്ചേക്കാം. അതേസമയം, സൗദി അറേബ്യയുമായി കച്ചവടബന്ധം ഉറപ്പിക്കുകയും, ഗൾഫ് രാജ്യങ്ങളുമായി ഹ്രസ്വകാല കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്യാം.



ആദ്യ ഭരണകാലത്ത് വ്ളാഡിമിര്‍ പുടിന്‍, റെസിപ് തയ്യിപ് എര്‍ദോഗന്‍, കിം ജോങ് ഉന്‍, ജയ്‌ര്‍ ബൊല്‍സൊനാരോ എന്നിങ്ങനെ ലോക നേതാക്കളുമായി ട്രംപ് പുലര്‍ത്തിയ ചങ്ങാത്തം ശ്രദ്ധേയമായിരുന്നു. ഇതെല്ലാം ലോകരാജ്യങ്ങള്‍ക്കിടെ, വലിയ സ്വാധീനം ഉണ്ടാക്കുമെന്നായിരുന്നു ട്രംപിന്റെ ധാരണ. എന്നാല്‍ 2019ല്‍, സിറിയന്‍ കുര്‍ദുകള്‍ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് ട്രംപ് എര്‍ദോഗന് കത്തെഴുതിയെങ്കിലും, ആവശ്യം നിഷ്കരുണം തള്ളുന്നതാണ് കാണാനായത്. യുക്രെയ്നെതിരായ ട്രംപിന്റെ പുതിയ നിലപാടുകള്‍ റഷ്യയോടുള്ള സമീപനത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ്.


ALSO READ: ട്രംപിന്‍റെ സ്ഥാനാരോഹണത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ; യുഎസ് അതീവജാഗ്രതയിൽ


അന്താരാഷ്ട്ര സംഘടനകളുടെയും, സഖ്യങ്ങളുടെയും, കരാറുകളുടെയും കാര്യത്തിലും ട്രംപിന്റെ നയങ്ങള്‍ വ്യത്യസ്തമാണ്. എല്ലാത്തില്‍നിന്ന് പിന്തിരിഞ്ഞ്, അവര്‍ക്കുമേല്‍ സമ്മര്‍ദം കൊണ്ട് കോട്ട കെട്ടുന്നതാണ് റിപ്പബ്ലിക്കന്‍ നേതാവിന്റെ ശീലം. അതായത്, ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിശ്ചായ നഷ്ടപ്പെടുന്ന സംഘടനകളോടും, സഖ്യങ്ങളോടും, കരാറുകളോടും ട്രംപ് ഇനിയും മുഖംതിരിക്കും. തന്റെ ഭരണകൂടെ വിമര്‍ശിച്ച ലോക വ്യാപാര സംഘടനയോടും, ലോകാരോഗ്യ സംഘടനയോടുമൊക്കെയുള്ള പൊതുസമീപനം തന്നെയാകും നാറ്റോയോടും ട്രംപ് സ്വീകരിക്കുക. നാറ്റോയെ കാലഹരണപ്പെട്ട സംഘടനയെന്നാണ് 2017ല്‍ ട്രംപ് വിശേഷിപ്പിച്ചത്. പിന്നീട് ഈ നിലപാട് തിരുത്തിയിരുന്നു. വീണ്ടും അധികാരത്തിലെത്തിയാല്‍ നാറ്റോയ്ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്നാണ് ട്രംപ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും അംഗരാജ്യം സൈനികമായി ആക്രമിക്കപ്പെട്ടാല്‍, മറ്റ് അംഗരാജ്യങ്ങള്‍ അവരുടെ രക്ഷയ്ക്കായി എത്തുമെന്ന നാറ്റോ നയത്തിനൊപ്പം നില്‍ക്കാനാവില്ലെന്നുമാണ് ട്രംപിന്റെ പക്ഷം. യൂറോപ്പിനെയാകെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. സൈനിക-പ്രതിരോധ മേഖലയിലേക്ക് കൂടുതല്‍ ഫണ്ട് വകയിരുത്താന്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ട്രംപിന്റെ നയങ്ങള്‍.



ഇന്ത്യയോടുള്ള നയം
ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങളോടുള്ള ട്രംപിന്റെ നിലപാട് എന്തായിരിക്കുമെന്നത് ഏറെ പ്രധാനമാണ്. അധികാരത്തിലെത്തിയാല്‍, ഇന്ത്യയുമായുള്ള ബന്ധം അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പം പരിഗണിച്ചാല്‍, ട്രംപിന്റെ വാക്കുകളില്‍ ആശ്വസിക്കാം. പ്രതിരോധം, ഊര്‍ജം, ടെക്നോളജി മേഖലയില്‍ പരസ്പരം സഹകരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷാം. എന്നിരുന്നാലും, കുടിയേറ്റം, ഇറക്കുമതി തീരുവ പോലുള്ള വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് ഇന്ത്യയെ സാരമായി ബാധിക്കുന്നതാണ്. കുടിയേറ്റത്തിന്റെ കാര്യത്തിൽ മുൻകാല നിലപാട് തുടരുമെന്നാണ് ട്രംപ് നൽകുന്ന സൂചന. യുഎസ്-മെക്‌സിക്കോ അതിർത്തി അടച്ച്, കൂട്ടനാടുകടത്തലുകൾ നടപ്പിലാക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. വിസ നയങ്ങളിലും സമഗ്ര മാറ്റം പ്രതീക്ഷിക്കാം. ആദ്യ ഭരണകാലത്ത് എച്ച്1ബി വിസ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയത് ഇന്ത്യൻ ഐടി കമ്പനികളെയും തൊഴിലന്വേഷകരെയുമാണ് വലിയ തോതില്‍ ബാധിച്ചത്. ഇക്കുറിയും അത് തുടര്‍ന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ അത് സാരമായി ബാധിക്കും. തന്ത്രപരമായ ഏതൊക്കെ കരാറുകളില്‍ പങ്കാളിയായാലും, അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ സഖ്യരാഷ്ട്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ട്രംപ് നയം. മോദിയുമായി എത്രയൊക്കെ ഫ്രണ്ട്‌ഷിപ്പ് ഉണ്ടെങ്കിലും, വ്യാപാരരംഗത്ത് വിട്ടുവീഴ്ച ചെയ്യാന്‍ ട്രംപ് തയ്യാറാകുമോ എന്ന് കണ്ടറിയണം. എത്ര ഉദാരമായാലും, അമേരിക്കയെ വെല്ലുവിളിക്കുന്ന ലോകക്രമത്തോട് ഒരുതരത്തിലും സന്ധി ചെയ്യാന്‍ ട്രംപ് തയ്യാറാകില്ല. ഇത്തരത്തില്‍ അസാധാരണത്വവും അനിശ്ചിതത്വവും പേറുന്നതാകും ട്രംപിന്റെ രണ്ടാം ഭരണകാലം.


WORLD
കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജൻ; കന്നഡയിൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് ചന്ദ്ര ആര്യ
Also Read
user
Share This

Popular

KERALA
KERALA
പ്രായം പരിഗണിക്കണമെന്ന് ഗ്രീഷ്മ; പ്രതിക്ക് ചെകുത്താൻ്റെ ചിന്തയെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ വാദം പൂർത്തിയായി, ശിക്ഷാവിധി 20 ന്