ട്രംപ് നികുതി വർധിപ്പിക്കുകയാണെങ്കിൽ, തിരിച്ചടിക്കാൻ കാനഡയ്ക്ക് നിരവധി നടപടികളുണ്ടെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി, ഇത് അമേരിക്കൻ ഉൽപ്പന്നങ്ങളുടെ കനേഡിയൻ ഉപഭോക്താക്കളെ സ്വാധീനിക്കുമെന്നും കൂട്ടിച്ചേർത്തു
കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് കസ്റ്റംസ് നികുതി വർധിപ്പിക്കാനുള്ള നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിനെതിരെ കാനഡ. ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ചാൽ, അത് അമേരിക്കക്കാരെ സാരമായി ബാധിക്കുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. യുഎസുമായി 'വ്യാപാര യുദ്ധ'ത്തിന് തയ്യാറാണെന്നും മെലാനി വ്യക്തമാക്കി.
സമീപകാലത്ത് കാനഡയും യുഎസും തമ്മിൽ നടക്കുന്ന ഏറ്റവും വലിയ വ്യാപാരയുദ്ധമായിരിക്കും ഇതെന്നായിരുന്നു വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ പ്രസ്താവന. "യുഎസ്സുകാർ ഞങ്ങൾക്കെതിരെ ഒരു വ്യാപാരയുദ്ധം ആരംഭിക്കും. ഇതിനെ പ്രതിരോധിക്കാൻ പരമാവധി സമ്മർദ്ദം ചെലുത്താൻ ഞങ്ങൾ തയ്യാറാണ്," വാഷിംഗ്ടണിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു.
ട്രംപ് നികുതി വർധിപ്പിക്കുകയാണെങ്കിൽ, തിരിച്ചടിക്കാൻ കാനഡയ്ക്ക് നിരവധി നടപടികളുണ്ടെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി, ഇത് അമേരിക്കൻ ഉൽപ്പന്നങ്ങളുടെ കനേഡിയൻ ഉപഭോക്താക്കളെ സ്വാധീനിക്കുമെന്നും കൂട്ടിച്ചേർത്തു. സ്റ്റീൽ ഉൽപ്പന്നങ്ങൾ, ടോയ്‌ലറ്റ്, സിങ്കുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സെറാമിക്‌സ്, ഗ്ലാസ്‌വെയർ, ഓറഞ്ച് ജ്യൂസ് എന്നിവയുൾപ്പെടെ യുഎസിൽ നിന്നും കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്നത് കാനഡ പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
കനേഡിയൻ ഇറക്കുമതിക്ക് 25% കസ്റ്റംസ് നികുതി ഏർപ്പെടുത്താൻ നിർദേശിച്ചതിന് പിന്നാലെയാണ് കാനഡ വ്യാപര യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ച വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്ന ട്രംപ്, മെക്സിക്കോ, ചൈന തുടങ്ങി രാജ്യങ്ങളുമായുള്ള സാമ്പത്തിക,വിദേശ നയ പദ്ധതികളുടെ ഭാഗമായാണ് കനേഡിയൻ ഇറക്കുമതിക്ക് കൂടുതൽ നികുതി ചുമത്താൻ തീരുമാനിച്ചത്.
അതേസമയം കാനഡയെ യുഎസ്സിന്റെ 51-ാം സ്റ്റേറ്റ് ആക്കണമെന്ന ട്രംപിന്റെ ആവശ്യവും രാജ്യത്തെ ചൊടിപ്പിച്ചിരുന്നു. "നോട്ട് എ സ്നോബോൾ ചാൻസ് ഇൻ ഹെൽ" എന്ന ഇംഗ്ലീഷ് പ്രയോഗം ഉപയോഗിച്ചായിരുന്നു ട്രംപിന് ജസ്റ്റിന്‍ ട്രൂഡോ മറുപടി നൽകിയത്. കാനഡ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകുമെന്നത് അസാധ്യമാണെന്നും അതിന് നേരിയ സാധ്യതപോലും ഇല്ലെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുമെന്നും ജസ്റ്റിന്‍ ട്രൂഡോ എക്സിൽ കുറിച്ചു.
ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികളിൽ രാജ്യം ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി. കാനഡയെക്കുറിച്ചുള്ള പൂർണമായ ധാരണയില്ലായ്മയാണ് ട്രംപ് തൻ്റെ പരാമർശങ്ങളിലൂടെ കാണിക്കുന്നതെന്നും വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. "നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. നമ്മുടെ ആളുകൾ ശക്തരാണ്. ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ ഒരിക്കലും പിന്നോട്ട് പോകില്ല" അവർ എക്സിൽ കുറിച്ചു.