പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതിക്ക് തുടക്കമിടുമെന്നായിരുന്നു മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞത്
അധികാരമേൽക്കുന്നതിന് പിന്നാലെ വ്യാപക ഇമിഗ്രേഷൻ റെയ്ഡ് നടത്താനൊരുങ്ങി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അധികാരമേറ്റ് പിറ്റേദിവസം തന്നെ ചിക്കാഗോയിൽ ഇമിഗ്രേഷൻ റെയ്ഡ് നടത്താൻ ട്രംപ് പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ജനുവരി 21ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റെയ്ഡ്, ഒരാഴ്ച നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിൽ അതിർത്തിയുടെ സംരക്ഷണ ചുമലതയുള്ള ടോം ഹോമൻ, ചിക്കാഗോയിലെ ഇല്ലിനിയോസിൽ പരിശോധന ആരംഭിക്കുമെന്ന് പറഞ്ഞതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിലെ 200ഓളം ഉദ്യോഗസ്ഥരെ ഓപ്പറേഷനായി ചിക്കാഗോയിലേക്ക് അയക്കും. "ചിക്കാഗോ മേയർക്ക് സഹായിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അദ്ദേഹത്തിന് മാറിനിൽക്കാം. എന്നാൽ മേയർ ഞങ്ങളെ തടസ്സപ്പെടുത്തുകയാണെങ്കിൽ, അവർ അറിഞ്ഞുകൊണ്ട് ഒരു അനധികൃത കുടിയേറ്റക്കാരനെ പാർപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്താൽ, മേയറെ ശിക്ഷിക്കാൻ മടിക്കില്ല," ടോം ഹോമനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അതേസമയം ട്രംപിൻ്റെ ട്രാൻസിഷൻ ടീം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതിക്ക് തുടക്കമിടുമെന്നായിരുന്നു മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മെക്സിക്കോ വഴി യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎസിലേക്ക് കുടിയേറിയ നിരവധി രാജ്യങ്ങളിലുള്ളവരാണ് ട്രംപിൻ്റെ വിജയത്തെ തുടർന്ന് ആശങ്കയിലായത്. കുടിയേറ്റ നയങ്ങളിലും അനധികൃത കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന യുഎസ് പൗരത്വത്തിലുമെല്ലാം മാറ്റം വരുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
കുറഞ്ഞ തോതിലുള്ള അനധികൃത കുടിയേറ്റം തുടരുമെന്നാണ് മെക്സിക്കോ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസിൻ്റെ തെക്കൻ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തുടരുമെന്ന് തന്നെയാണ് മനുഷ്യാവകാശ പ്രവർത്തകരും പറയുന്നത്.