അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകുക
എറണാകുളം ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകത്തിൽ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചശേഷം തെളിവെടുപ്പ് നടത്തും. അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് റിപ്പോർട്ട്. മരണമുറപ്പിക്കാൻ പ്രതി ഋതു മൂന്നുപേരുടെയും തലയിൽ നിരവധി തവണ കമ്പി വടി കൊണ്ടടിക്കുകയായിരുന്നു. പരിക്കേറ്റ ജിതിൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കൊല്ലപ്പെട്ട വേണുവിൻ്റെയും ഉഷയുടെയും വിനീഷയുടെയും മൃതദേഹം മുരിക്കുംപാടം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഉഷയുടെ ബന്ധുവീട്ടിൽ പൊതുദർശനത്തിന് ശേഷം മുരിക്കുംപാടം ശ്മശാനത്തിലാണ് മൂന്നു പേരുടെയും മൃതദേഹം സംസ്കരിച്ചത്. പന്ത്രണ്ടും ആറും വയസ്സ് മാത്രം പ്രായമുള്ള ആരാധ്യയുടെയും അവനിയുടേയും മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി കൊലപ്പെടുത്തിയത്.
ALSO READ: ഒന്നും മൂന്നും പ്രതികൾ കുറ്റക്കാർ; പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്
തന്റെ സഹോദരിയെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഋതുവിൻ്റെ വിദേശത്തുള്ള സഹോദരിയെ കളിയാക്കിയെന്ന വാദം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ജിതിനെ ലക്ഷ്യം വെച്ച് ഇരുമ്പ് വടിയുമായി വീട്ടിലേക്ക് കയറി ചെന്ന ഋതു മോട്ടോർ സൈക്കിൾ സ്റ്റമ്പ് വെച്ചാണ് എല്ലാവരെയും അടിച്ച് വീഴ്ത്തിയത്. കൊലക്ക് ശേഷം യാതൊരു ഭാവ വ്യത്യാസമില്ലാതെയാണ് പ്രതി സ്ഥലത്ത് നിന്ന് മടങ്ങിയത്.
ആക്രമണം നടത്തുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലായിരുന്നു. വേണുവിൻ്റെ തലയിൽ 6 മുറിവുകളാണ് കണ്ടെത്തിയത്. വിനീഷയുടെ തലയിൽ 4 മുറിവുകളും ഉഷയുടെ തലയിൽ 3 മുറിവുകളും ഉണ്ട്. എല്ലാവർക്കും കഴുത്തിന് മുകളിലാണ് പരിക്കേറ്റത്. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗം സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഋതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഋതു ജയൻ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മുമ്പ് ചില പരാതികളിൽ ചികിത്സ തേടിയ സർട്ടിഫിക്കറ്റ് സമർപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമവും പ്രതി നടത്തിയിട്ടുണ്ട്.