കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഇവരുടെ ഏക മകനായ ശ്രീദേവ് ഹൃദയാഘാതം മൂലം മരിച്ചത്
ചികിത്സാ പിഴവ് മൂലം മകൻ മരിച്ചതിൻ്റെ ആഘാതത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര നെയ്യാറിൽ ചാടി ജീവനൊടുക്കി ദമ്പതികൾ. മുട്ടട സ്വദേശികളായ ശ്രീകല, സ്നേഹദേവ് എന്നിവരാണ് മരിച്ചത്. പ്രദേശത്ത് നിന്നും ഇവരുടെ നാല് പേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. 11 വയസുള്ള മകൻ ശ്രീദേവ് മരിച്ച സങ്കടത്തിലാണ് ജീവനൊടുക്കിയതെന്ന് ദമ്പതികളുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഇവരുടെ ഏക മകൻ ശ്രീദേവ് ഹൃദയാഘാതം മൂലം മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു ശ്രീദേവിൻ്റെ ചികിത്സ. മകന് ചികിത്സ നിഷേധിച്ചെന്ന് ചൂണ്ടിക്കാണിച്ച് ദമ്പതികൾ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മകൻ മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നും, നീതി കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മകൻ്റെ പേരിലുള്ള എല്ലാ സ്വത്തും ട്രസ്റ്റിന് എഴുതി വച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ALSO READ: കഠിനംകുളം കൊലപാതകം: പ്രതി ജോൺസൺ കസ്റ്റഡിയിൽ; പിടിയിലായത് കോട്ടയത്ത് നിന്നും
ഇന്ന് രാവിലെയാണ് നെയ്യാറിൽ വലിയ വിളാകം കടവിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇവരുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.