ഇക്കാര്യത്തിൽ തീരുമാനം ജില്ലാ തല നിരീക്ഷക സമിതിക്ക് വിടണം. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥല ലഭ്യതയും ഉൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും സർക്കാർ കോടതിയെ അറിയിച്ചു
ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോഗികതയുണ്ടെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ തീരുമാനം ജില്ലാ തല നിരീക്ഷക സമിതിക്ക് വിടണം. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥല ലഭ്യതയും ഉൾപ്പെടെയുളളവ പരിഗണിക്കണം.
വെടിക്കെട്ട് സ്ഥലവും ആനകൾ നിൽക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുവായ മാനദണ്ഡം പ്രായോഗികമല്ല. ജില്ലാ തല സമിതിയുടെ തീരുമാനത്തിന് ഇതും കൈമാറണം. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
നേരത്തെ സംസ്ഥാനത്ത് ഉത്സവകാലത്തെ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എഴുന്നള്ളിപ്പിനായുള്ള ആനകളുടെ എണ്ണം, സ്ഥലത്തിൻ്റെ ലഭ്യത അനുസരിച്ചാകണമെന്നും എഴുന്നള്ളിപ്പിന് അനുമതിക്കായി തലേദിവസം വരുന്ന പതിവ് ഇല്ലാതാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
ആനകളുടെ വെരിഫിക്കേഷൻ, എഴുന്നള്ളിക്കാനുള്ള അനുമതി എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു. മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് പരിഗണിച്ചപ്പോഴാണ് ഇത്തരത്തിലുള്ള നിർദേശം ഹൈക്കോടതി നൽകിയത്.