ഡൽഹിയിൽ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും യോഗി ആദിത്യനാഥ് പങ്കെടുക്കും
ഡൽഹി തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ ഹിന്ദുത്വ പ്രചരണത്തിന് തടയിടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. പ്രയാഗ് കുംഭമേളയിൽ മുഴുവൻ മന്ത്രിസഭാ അംഗങ്ങളോടൊപ്പം പങ്കെടുത്ത യോഗി ആദിത്യനാഥ് രണ്ട് പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഡൽഹിയിൽ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും യോഗി ആദിത്യനാഥ് പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
കെജ്‌രിവാളിനെ നുണയുടെ എടിഎം എന്ന് വിശേഷണം നൽകിയ യോഗി യമുനയിൽ കെജ്‌രിവാളും മന്ത്രിമാരും ഒരിക്കൽ എങ്കിലും മുങ്ങുവാൻ വെല്ലുവിളിക്കുകയും ചെയ്തു. അടിസ്ഥാനസൗകര്യവികസനത്തിൽ കെജ്‌രിവാളിനോട് യുപിയുടെ വികസനം ചൂണ്ടിക്കാട്ടി കടുത്ത വിമർശനമാണ് ഉയർത്തിയത്.
"ഡൽഹിയിലെ റോഡുകളിൽ മുഴുവൻ കുഴികളാണ്. നോയിഡയിലേയും, ഗ്രേറ്റ് നോയിഡയിലേയും ഗാസിയബാദിലേയും, റോഡുകൾ കെജ്‌രിവാൾ കാണണം", യോഗി ആദിത്യനാഥ് പറഞ്ഞു. ഇരട്ട എഞ്ചിൻ സർക്കാർ ഡൽഹിയിൽ അധികാരത്തിൽ വരണം. ഡൽഹിയിൽ വൈദ്യുതി ചാർജ് കൂടുതലാണെന്നും, ഓടകൾ പൊട്ടി ഒഴുകുന്നുന്നുവെന്നും പറഞ്ഞ യോഗി ആദിത്യനാഥ്, എഎപി ഭരണം തികച്ചു പരാജയമാണെന്നും കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ഓഖ്‌ല മേഖലയിൽ അനധികൃത ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പാർപ്പിക്കാൻ ആം ആദ്മി പാർട്ടിയും സൗകര്യമൊരുക്കുകയാണെന്ന് യുപി മുഖ്യമന്ത്രി ആരോപിച്ചു. എഎപി സർക്കാർ ഡൽഹിയെ മാലിന്യക്കൂമ്പാരമാക്കി മാറ്റിയെന്നും ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അവശ്യസേവനങ്ങൾ അവഗണിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജനങ്ങൾക്ക് ഒരിക്കലും വിതരണം ചെയ്യാത്ത സബ്‌സിഡികൾ വാഗ്‌ദാനം ചെയ്തെന്നും യോഗി അഭിപ്രായപ്പെട്ടു.
എന്നാൽ യുപിയിലെ സ്‌കൂളുകളുടെ ശോചനീയാവസ്ഥ ഉയർത്തി കാട്ടിയാണ് കെജ്‌രിവാൾ ആരോപണത്തെ പ്രതിരോധിച്ചത്. 10 വർഷമായി അധികാരത്തിൽ ഇരുന്നിട്ടും സർക്കാർ സ്കൂളുകൾ നന്നാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. സ‌്‌കൂളുകൾ എങ്ങനെ നന്നാക്കാമെന്ന് ഞങ്ങൾ പഠിപ്പാക്കാമെന്നും, അതിന് ഞങ്ങളുടെ വിദ്യാഭ്യാസ മന്ത്രിയെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിടാമെന്നും കെജ്‌രിവാൾ അറിയിച്ചു.