എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ ജോൺ, ആർഎസ്എസിനെ എതിർക്കുന്നത് പോലെ ഈ പാർട്ടികളെ എതിർക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു
ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയതയുടെ പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് കമ്മ്യൂണിസ്റ്റ് മാർകിസ്റ്റ് പാർട്ടി (സിഎംപി) സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ ജോൺ, ആർഎസ്എസിനെ എതിർക്കുന്നത് പോലെ ഈ പാർട്ടികളെ എതിർക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാൽ ജോണിൻ്റെ നിലപാടിനെ തള്ളിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഭൂരിപക്ഷ വർഗീയതയുടെ ആക്രമണത്തിന് ഇരകളാണ് ന്യൂനപക്ഷങ്ങളെന്ന് ജോൺ പറയുന്നു. അത് വർഗീയതയാണെങ്കിലും അവർ ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷങ്ങളോടൊപ്പം നിൽക്കണം. അങ്ങനെ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങളെ മതേതരത്തിലേക്ക് കൊണ്ടുവരാൻ കഴിയൂ എന്നും അത് സാധിച്ചില്ലെങ്കിൽ അവർ കൂടുതൽ തീവ്രമായ സമീപനങ്ങളിലേക്ക് പോകുമെന്നും സി.പി. ജോൺ പറഞ്ഞു.
അതേസമയം സി.പി. ജോണിൻ്റെ നിലപാടിനെ തള്ളിയിരിക്കുകയാണ് വി.ഡി. സതീശൻ. വർഗീയത ആര് പറഞ്ഞാലും അതിനെ നിഷ്പക്ഷമായി എതിർക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. വർഗീയതയുമായി സന്ധി ചെയ്യില്ല. സിപിഎമ്മാണ് ജമാഅത്തെയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ് ദേശാഭിമാനി എഡിറ്റോറിയൽ വരെ എഴുതിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.