ജീവിക്കാനുള്ള അവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും നിഷേധിക്കപ്പെടുന്ന അടുത്ത തലമുറ
ലോകത്തിൻ്റെ വിവിധ മേഖലകൾ ഇന്ന് യുദ്ധമുഖത്താണ്... റഷ്യ-യുക്രൈൻ യുദ്ധം, പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടുകൾ, സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധം എന്നുതുടങ്ങി ലോകം രണ്ടായി തിരിഞ്ഞ് പരസ്പരം ആക്രമിക്കുമ്പോൾ പ്രധാനമായും ഇരയാക്കപ്പെടുന്നത് കുഞ്ഞുങ്ങളാണ്. ജീവിക്കാനുള്ള അവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും നിഷേധിക്കപ്പെടുന്ന അടുത്ത തലമുറ.
2022ൽ ആരംഭിച്ച റഷ്യ യുക്രൈൻ യുദ്ധം, 2023ൽ തുടങ്ങിയ ഇസ്രയേൽ- ഹമാസ് യുദ്ധം, തുടർന്ന് ഉടലെടുത്ത ഇസ്രയേൽ- ലെബനൻ ആക്രമണം, ഇസ്രയേൽ -ഹൂതി സംഘർഷങ്ങൾ, ഒടുവിലെ ഇസ്രയേൽ സിറിയൻ ആക്രമണം, സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധം... ലോകം സംഘർഷ ഭരിതമാകുമ്പോൾ ഇല്ലാതാകുന്നത് സ്വപ്നങ്ങൾ കൊണ്ടുനടക്കേണ്ട അടുത്തൊരു തലമുറയാണ്.
ലോകത്തിലെ ഏകദേശം അഞ്ചിലൊന്ന് കുട്ടികളും സംഘർഷഭൂമിയിലോ സംഘർഷബാധിത പ്രദേശങ്ങളിലോ ആണെന്നാണ് യുണിസെഫിൻ്റെ പുതിയ റിപ്പോർട്ട്. രണ്ടാം ലോകയുദ്ധത്തിന് ശേഷം 473 മില്യൺ കുട്ടികൾ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യുണിസെഫ് വ്യക്തമാക്കുന്നു. 1990കളിൽ ഈ കണക്ക് പത്ത് ശതമാനമായിരുന്നെങ്കിൽ ഈ കാലഘട്ടത്തിൽ അത് 19 ശതമാനമായി ഉയർന്നു. ഏകദേശം ഇരട്ടിയോളം തന്നെ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2023 മുതൽ ഇതിനകം 22,557 കുട്ടികൾക്ക് നേരെ 32,990 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തെന്നാണ് യുഎൻ കണക്കുകൾ. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കണക്കാണിതെന്നും യുണിസെഫ് വ്യക്തമാക്കുന്നു.
ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഗാസയിൽ ഇതിനകം 45,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടപ്പോൾ ഇതിൽ 44 ശതമാനവും കുട്ടികളാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ 2023നെ അപേക്ഷിച്ച് 2024ൽ, കുട്ടികളുടെ മരണസംഖ്യ ഉയർന്നെന്നും 2025ൽ ഈ കണക്കിൽ ഇനിയും വർധനവുണ്ടാകുമെന്നുമാണ് യുഎൻ വ്യക്തമാക്കുന്നത്. 2024ൽ മാത്രം കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗികാത്രിക്രമങ്ങളിൽ 1000 ശതമാനത്തിൻ്റെ വർധനവുണ്ടായെന്നും റിപ്പോർട്ടുണ്ട്. സംഘർഷങ്ങളെ തുടർന്ന് 52 മില്യൺ കുട്ടികൾക്ക് വിദ്യാഭ്യാസം നിരസിക്കപ്പെട്ടു.
ALSO READ: "ടിക്ടോക് നിരോധനം ഉടൻ വേണ്ട"; സുപ്രീം കോടതിയോട് ആവശ്യമുന്നയിച്ച് ഡൊണാൾഡ് ട്രംപ്
2024 കുട്ടികളെ സംബന്ധിച്ച് ഏറ്റവും മോശം വർഷമായിരുന്നുവെന്നും യുണിസെഫ് പറയുന്നു. സംഘർഷങ്ങളിൽ ഇരയാക്കപ്പെട്ടവരും സംഘർഷത്തിൻ്റെ ആഘാതം പേറുന്നവരുമായ കുട്ടികളെ വിലയിരുത്തിയാണ് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറീൻ റസ്സലിൻ്റെ പ്രതികരണം. കുട്ടികളിൽ പോഷകാഹാരക്കുറവ്, വാക്സിനേഷൻ ലഭിക്കാത്ത അവസ്ഥ, വിദ്യാഭ്യാസത്തിനും ജീവിക്കാനുമുള്ള അവസരമില്ലായ്മ, സ്വന്തം വീടുകളിൽ കുടിയൊഴിപ്പിക്കപ്പെടുന്ന അവസ്ഥ... ഈ സാഹചര്യം പുതിയ നോർമൽ ആകരുതെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞുവെക്കുന്നുണ്ട്.
സംഘർഷമേഖലയിൽ ജീവിക്കുന്ന കുട്ടികളിലെ 45 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനാൽ തന്നെ അഞ്ചാം പനി, പോളിയോ തുടങ്ങിയ അസുഖങ്ങൾ ബാധിച്ച് കുട്ടികൾ മരിക്കുന്നു. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഗാസയിൽ വീണ്ടും പോളിയോ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഗാസയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചത്. ഇതിലൂടെ 90 ശതമാനം പേരിലും വാക്സിനെത്തിക്കാൻ യുഎന്നിനായി.
ഈ സംഘർഷങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെയും മോശമായി ബാധിക്കുന്നു. ഗാസയിൽ ജീവിക്കുന്ന കുട്ടികളിൽ 96 ശതമാനം പേരും മരണം ആസന്നമായെന്ന് വിശ്വസിക്കുന്നുവെന്ന പഠനം അടുത്തിടെയാണ് പുറത്തുവന്നത്. ഇതിൽ പകുതി പേരും മരിക്കാൻ ആഗ്രഹിക്കുന്നതായും പഠനത്തിൽ പറയുന്നു. യുദ്ധങ്ങൾ കുട്ടികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നിരസിക്കുക മാത്രമല്ല, കളിക്കാനും പഠിക്കാനും കുട്ടികളായിരിക്കാനുമുള്ള അവകാശവുമാണ് അവരിൽ നിന്നും തട്ടിയെടുക്കുന്നത്.