ഒന്നിനു പിറകേ ഒന്നായി കേരള ജനതയുടെ മനസിൽ തീ കോരിയിട്ട വർഷം. ഉരുളെടുത്ത ഭൂമിയിൽ പുതുജീവനത്തിൻ്റെ പുതിയ നാമ്പുകൾക്കായി ഒരു ജനത തന്നെ കൈ കോർത്ത 2024
ചൂരൽമലയും,വിലങ്ങാടും, അർജുനും,നിപയും,എല്ലാം വന്നു പോയ 2024 അങ്ങനെ മറഞ്ഞുപോകുകയാണ്. ഒന്നിനു പിറകേ ഒന്നായി കേരള ജനതയുടെ മനസിൽ തീ കോരിയിട്ട വർഷം. ഉരുളെടുത്ത ഭൂമിയിൽ പുതുജീവനത്തിൻ്റെ പുതിയ നാമ്പുകൾക്കായി ഒരു ജനത തന്നെ കൈ കോർത്ത 2024. അമീബീക് മസ്തിഷ്ക ജ്വരം മുതൽ ഷിഗല്ല വരെ നമ്മെ ഭീതിയിലാഴ്ത്തിയ വർഷം. പുതുവർഷത്തിൽ പ്രതീക്ഷയുടെ പുതുവെളിച്ചം തേടി യാത്ര തുടരുമ്പോൾ കഴിഞ്ഞ വർഷം നമ്മെ വേട്ടയാടിയ, പേടിസ്വപ്നങ്ങളായ സംഭവങ്ങൾ എന്തൊക്കെയായിരുന്നു.?
അമീബിക് മസ്തിഷ്‌ക ജ്വരം
അമീബിക് മസ്തിഷ്‌ക ജ്വരം 2016 ലാണ് കേരളത്തിലാദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുപോലെ, 2024 ലിലും, മസ്തിഷജ്വരം കേരളത്തിലെത്തി. സൂക്ഷ്മ ജീവിയായ അമീബയ്ക്ക് ഒരാളുടെ ജീവനെടുക്കാന്‍ മാത്രം ശേഷിയുണ്ടെന്ന് തിരിച്ചറിയുന്നത് ഈ രോഗം ബാധിച്ച് ആളുകള്‍ ആണ് മരിച്ചപ്പോഴാണ്. രോഗം വീണ്ടും വന്നപ്പോഴും കൃത്യമായ ജാഗ്രത ഒന്നുകൊണ്ടു മാത്രം, രോഗത്തെ അതിജീവിക്കാൻ നമുക്ക് സാധിച്ചു.
ആമയിഴഞ്ചാൻ തോട്-അലസതയുടേയും അഴിമതിയുടേയും മറ്റൊരു പേര്
മാലിന്യങ്ങൾ ജലാശാലങ്ങളിലും പൊതു നിരത്തിലും തള്ളുന്ന മലയാളികളുടെ ദുഷ്പ്രവർത്തിയെ തുടച്ചു നീക്കാനിറങ്ങി ജീവൻ നഷ്ടപ്പെട്ട ജോയി, അറവുമാലിന്യം മുതൽ മനുഷ്യവിസർജം വരെ ഒഴുകുന്ന തലസ്ഥാന നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യാനുള്ള ദൗത്യമേറ്റെടുത്ത്,ആ മാലിന്യക്കൂമ്പാരത്തിൽ തന്നെ മരിക്കേണ്ടി വന്ന ഒരു സാധാരണക്കാരനെ മലയാളി സമൂഹെ മറക്കില്ലെന്ന് പറഞ്ഞാൽ അതൊരു പാഴ്വാക്കായി പോകും. കാലമെത്ര കഴിഞ്ഞാലും, എത്ര പ്രതിജ്ഞയെടുത്താലും,മാറാത്ത മനുഷ്യരുടെ ശീലത്തിന് ബലിയാടാകേണ്ടി വന്നത് ഒരു പാവം മനുഷ്യ ജീവനാണ്.
കോറോണയ്ക്ക് പിന്നാലെ ഷിഗല്ല
ഷിഗല്ല കോറോണയ്ക്ക് പിന്നാലെ കേരളത്തില്‍ വില്ലനായെത്തിയ രോഗമാണ് ഷിഗല്ല. 2024 ല്‍ മലയാളികള്‍ ആശങ്കയോടെ നോക്കികണ്ട രോഗമായിരുന്നു ഇത്. മനുഷ്യജീവിതത്തിനെ കാര്യമായ കോട്ടമൊന്നും തട്ടാതെ അതും അങ്ങനെ കടന്നു പോയി.
അഞ്ചാം തവണയും നിപ
കേരളത്തെ മാസ്‌കിലാക്കാന്‍ സംസ്ഥാനത്ത് അഞ്ചാം തവണയും നിപ രോഗം സ്ഥിരീകരിച്ചു. അതില്‍ തന്നെ ഈ അഞ്ചു തവണയും രോഗത്തിന്റെ ഉറവിടമായി മാറിയത് കോഴിക്കോട് ജില്ലാണെന്നതും ശ്രദ്ധേയമാണ്. നിപ ഭീതിയൊഴിഞ്ഞുവെന്ന് ഓരോ തവണ പറയുമ്പോഴും പിന്നെയും കേരളത്തെ ആശങ്കയിലാഴ്ത്താന്‍ നിപ പതിവ് തെറ്റിക്കാതെ 2024ലും വന്നുപോയി.
ഭീതി പടർത്തിയ മങ്കിപോക്സ്
മങ്കിപോക്സ് ആഗോളതലത്തിൽ ഭീതി പടർത്തിയ മറ്റൊരു രോഗമാണ് മങ്കിപോക്സ് അഥവ കുരങ്ങു പനി. ഒട്ടും പ്രതീക്ഷിക്കാതെ കേരളത്തിലും രോഗം സ്ഥിരീകരിച്ചപ്പോഴാണ് ജനങ്ങൾ ഇതിനെ പറ്റി ആശങ്കാകുലരായത്. 1958 -ലാണ് എംപോക്സ് എന്ന രോഗം കണ്ടെത്തുന്നത്. 1970-ലാണ് ഇത് ആദ്യം മനുഷ്യരിൽ സ്ഥിരീകരിച്ചത്.ആഫ്രിക്കൻ ഉൾ പ്രദേശങ്ങളിലെ അസാധാരണമായ അണുബാധ മാത്രമായിരുന്ന എംപോക്സ് ,പിന്നീട് 2022-ൽ വികസിത രാജ്യങ്ങളിൽ വലിയ രീതിയിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ഇതിനെ പറ്റി ശാസ്ത്രലോകം ബോധവാന്മാരായത്.കേട്ടുകേൾവി പോലുമില്ലാത്തൊരു രോഗം വർഷാവസാനം വരെ നിന്നിട്ടും,ഒരാളെ പോലും മരണത്തിന് വിട്ടു കൊടുക്കാതെ കൃത്യമായ ജാഗ്രത പുലർത്തി കൊണ്ട് അതിനെ തരണം ചെയ്യാൻ കേരളത്തിന് സാധിച്ചു.
20 ഓളം കുടുംബങ്ങളെ ഒറ്റ ദിവസം കൊണ്ട് ഒന്നുമില്ലാത്തവരാക്കിയ വിലങ്ങാട്
വിലങ്ങാട് 20 ഓളം കുടുംബങ്ങളെ ഒറ്റ ദിവസം കൊണ്ട് ഒന്നുമില്ലാത്തവരാക്കിയ ദുരന്തം. വീടുണ്ടായിടത്ത് അവശേഷിച്ചത് വലിയ പാറക്കല്ലുകൾ മാത്രം. വീടിനൊപ്പം കൃഷിയിടങ്ങൾ കൂടി ഉരുളെടുത്തപ്പോൾ വിലങ്ങാട് ജനതയുടെ ജീവിതത്തിന് മുന്നിൽ ഇരുളടഞ്ഞ ഓർമകൾ മാത്രമായി. ഉരുളെടുത്തയിടങ്ങളിൽ വീണ്ടും ഉരുൾപൊട്ടിയത് ജനങ്ങളുടെ നെഞ്ചുലച്ച് കൊണ്ടായിരുന്നു. ജീവൻ കൈപ്പിടിയിലൊതുക്കി കൊണ്ട് നിന്നവരെ ചേർത്തുപിടിക്കുന്ന പ്രയോഗിക രീതി ഇവിടെയും പകർത്താൻ സാധിച്ചുവെന്നത് കേരള വിജയഗാഥയുടെ നേർക്കാഴ്ചയാണ്.
ഉള്ളുപൊട്ടി വയനാട്
ഉരുൾപൊട്ടിയൊഴുകിയത് വയനാട്ടിലെ മുണ്ടക്കൈയിലോ,ചൂരൽമലയിലോ മാത്രമല്ല,കേരളത്തിലെ മൂന്നരകോടി മനുഷ്യരുടെ ഉള്ളുകൂടി തകർത്താണ്. കണ്ണീർ വറ്റാത്ത, ഉള്ളുലഞ്ഞ വയനാടൻ ജനതയെ ചേർത്ത് പിടിച്ച്, അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന വലിയ ദൗത്യമാണ് കേരളത്തിനുള്ളത്. എന്നാൽ അതിനുമുന്നിൽ കണ്ണടക്കുന്ന കേന്ദ്രനയം ദുരന്തഭൂമിയിലുള്ളവരോടുള്ള അവഗണനയുടെ നേർക്കാഴ്ചായാണ്.
ജനമനസ് കീഴടക്കിയ കണ്ണാടിക്കലിലെ ലോറി ഡ്രൈവർ അർജുൻ
വയനാടിനെ ഉരുളെടുത്തതിൻ്റെ വേദനയിൽ കേരളം നീറുമ്പോൾ, അതിൻ്റെ ഇരട്ടി നീറ്റൽ അനുഭവിച്ചവരായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ ഗ്രാമത്തിലെ ഓരോ മനുഷ്യമനസും. ചൂരൽമലയും മുണ്ടക്കൈയും ഉരുളെടുത്തപ്പോൾ,ഷിരൂരിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടു പോയൊരു ലോറി ഡ്രൈവറായ അർജുൻ, ഗംഗാവലി പുഴയുടെ ആഴങ്ങളിൽ പോയി വീണ ആ മനുഷ്യൻ്റെ തിരിച്ചുവരവിനായി കേരളത്തിലെ ഓരോ മനുഷ്യരും പ്രാർഥനയോടെ കണ്ണീരണഞ്ഞു കൊണ്ട് കാത്തിരുന്നെങ്കിലും പ്രതീക്ഷകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ,എഴുപത്തൊന്ന് ദിവസത്തിന് ശേഷം,ചക്രവ്യൂഹം ഭേദിച്ച് ജീവനറ്റ അർജുൻ്റെ രൂപവുമെല്ലാം 2024ൽ മലയാളികളുടെ മനസു തകർത്ത നീറുന്ന ഓർമയാണ്.