ദൈവത്തിൽ മോക്ഷം പ്രാപിക്കാനായി തങ്ങൾ വിഷം കഴിച്ചെന്നാണ് ഇവർ നേരത്തെ എടുത്തുവെച്ച വീഡിയോ സന്ദേശത്തിൽ വിശദീകരിക്കുന്നത്
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ അന്ധവിശ്വാസത്തിൻ്റെ പേരിൽ ജീവനൊടുക്കി നാലംഗ കുടുംബം. തിരുവണ്ണാമലൈയിലെ ഹോട്ടൽ മുറിയിലാണ് കുടുംബത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ദൈവത്തിൽ മോക്ഷം പ്രാപിക്കാനായി തങ്ങൾ വിഷം കഴിച്ചെന്നാണ് ഇവർ നേരത്തെ എടുത്തുവെച്ച വീഡിയോ സന്ദേശത്തിൽ വിശദീകരിക്കുന്നത്.
ചെന്നൈ വ്യാസർപാടിയിലെ മഹാകാല വ്യാസർ (45), ഭാര്യ എം. രുക്മണി (40), മകൾ എം. ജലത്രി (17), മകൻ എം. മുകുന്ത് ആകാശ് കുമാർ (15) എന്നിവരാണ് മരിച്ചത്. ഇവർ ദിവസങ്ങൾക്ക് മുമ്പ് തിരുവണ്ണാമലൈയിലെ ഒരു ഫാം ഹൗസിൽ വന്ന് താമസിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടുകാർ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. വീട്ടുകാർ മുറി അകത്തു നിന്ന് പൂട്ടിയതായി ഫാം ഹൗസ് ജീവനക്കാർ കണ്ടെത്തി. സംശയം തോന്നിയ ഇവർ തിരുവണ്ണാമല താലൂക്ക് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഘം ഫാം ഹൗസിലെത്തി വാതിൽ തകർത്താണ് അകത്ത് കയറുകയായിരുന്നു. തുടർന്ന് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവണ്ണാമല സർക്കാർ ജനറൽ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
ALSO READ: നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു; 3 പേർക്ക് പരുക്ക്
ദൈവത്തിൻ്റെ പാദങ്ങളിൽ എത്താൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന ആത്മഹത്യാ കുറിപ്പും വീഡിയോ ക്ലിപ്പും മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തങ്ങളുടെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് ആരും ഉത്തരവാദികളല്ലെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.