സിപിഐ സമ്മേളനത്തിൽ മത്സരിക്കാൻ വിലക്കില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു
ബിനോയ് വിശ്വം, പിണറായി വിജയന്‍
മാസപ്പടി കേസിൽ വീണാ തൈക്കണ്ടിയിലിനെ പ്രതിരോധിക്കാതെ സിപിഐ. മുഖ്യമന്ത്രിയുടെ മകളുടെ കേസ് എൽഡിഎഫിന്റെ കേസല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരായ നീക്കം എൽഡിഎഫ് ചെറുക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നില്‍ക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിഷയമല്ല. അവരെല്ലാം പ്രായപൂർത്തിയായ പൗരന്മാരാണ്. അവർക്ക് കമ്പനിയുണ്ടാക്കാം കമ്പനിയുടെ ഭാഗമായി ഉടമ്പടിയുണ്ടാക്കാം. അതുമായി ബന്ധപ്പെട്ട കേസുകള്‍ ആ വഴിക്ക് നീങ്ങും. അതില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് രാഷ്ട്രീയമായി താല്‍പ്പര്യമില്ല- ബിനോയ് വിശ്വം പറഞ്ഞു.
Also Read: SFIOയുടേത് നഗ്നമായ രാഷ്ട്രീയ ഇടപെടൽ, ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ: എം.വി. ഗോവിന്ദൻ
സിപിഐ സമ്മേളനത്തിൽ മത്സരിക്കാൻ വിലക്കില്ലെന്നും ജനാധിപത്യത്തിന്റെ അർത്ഥം പാർട്ടിക്ക് അറിയാമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പാനലായി മത്സരിക്കുന്ന സംഘടിത നീക്കം അനുവദിക്കില്ലെന്നും വ്യക്തികള്‍ക്ക് മത്സരിക്കാമെന്നും ബിനോയ് വിശ്വം അറിയിച്ചു.
Also Read: താമരശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി
"കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ജനാധിപത്യപരമായി മത്സരിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശം ഓരോ അംഗത്തിനുമുണ്ട്. അത് പാർട്ടിയുടെ ഭരണഘടനയാണ്. അതിനനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്. മത്സരിക്കാന്‍ വിലക്കുള്ളതായുള്ള പ്രചാരണം അബദ്ധപൂർണമാണ്. ആ ഒരു നുണ ദയവായി പ്രചരിപ്പിക്കാതിരിക്കു", ബിനോയ് വിശ്വം പറഞ്ഞു. മുതിർന്ന നേതാവ് കെ. ഇ. ഇസ്മായിലിനെ ആറു മാസത്തേക്ക് പാർട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചതായും ബിനോയ് വിശ്വം അറിയിച്ചു.