സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നൽകിയെങ്കിലും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പാലാഴി സ്വദേശികളായ കുടുംബം ആരോപിക്കുന്നു
കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ബിജെപി തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡൻ്റും നാട്ടിക നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന സർജു തൊയക്കാവിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നൽകിയെങ്കിലും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പാലാഴി സ്വദേശികളായ കുടുംബം ആരോപിക്കുന്നു. തൃശൂർ അന്തിക്കാട് പാലാഴി സ്വദേശികളായ രാധുൽ കൃഷ്ണയും മാതാവ് സിന്ധുവുമാണ് പരാതിക്കാർ. കേരള ബാങ്കിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2022ൽ 12.5 ലക്ഷം രൂപ കൈക്കലാക്കി എന്നും വിശ്വാസ വഞ്ചന നടത്തി എന്നും ആണ് പരാതി.
കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവർത്തിച്ച ട്രാവൻകൂർ സോയിൽ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയാൽ ഒരു വർഷത്തിനകം കേരള ബാങ്കിൽ ജോലി ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കേരള ബാങ്കിൽ ജോലി ലഭിക്കും വരെ ട്രാവൻകൂർ സോയിൽ ലിമിറ്റഡിൽ ജോലി ചെയ്യാൻ ആകുമെന്നും വിശ്വസിപ്പിച്ചു. സ്ഥാപനത്തിൻറെ ചെയർമാൻ എന്ന നിലയിൽ സർജു പരിചയപ്പെടുത്തിയ മുർഷാദ് എന്നയാൾ നിക്ഷേപം വാങ്ങി 5 ലക്ഷം രൂപയുടെ റെസിപ്റ്റ് നൽകി. ഒരു മാസം ഇവിടെ ജോലി എടുപ്പിച്ച ശേഷം മുർഷാദ് വടക്കാഞ്ചേരിയിലേക്കും പാലിയേക്കരയിലേക്കും രാധുവിനെ സ്ഥലം മാറ്റി. രണ്ടു മാസം ചെറിയ തുക ശമ്പളം നൽകിയെങ്കിലും പിന്നീട് ശമ്പളമോ ജോലിയോ ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
ബിജെപി തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡൻ്റും നാട്ടിക മണ്ഡലം സ്ഥാനാർഥിയുമായ സർജുവിനെ കൂടാതെ തൃശൂർ മനക്കൊടി സ്വദേശി പ്രദീപ്, ട്രാവൻകൂർ ഓയിൽ ലിമിറ്റഡ് ചെയർമാൻ മുർഷാദ് എന്നിവർക്കും തട്ടിപ്പിൽ ബന്ധമുള്ളതായാണ് കുടുംബം ആരോപിക്കുന്നത്. വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സ്വർണം പണയം വെച്ചും ലോണെടുത്തും ആണ് ഇവർ ജോലിക്കായി പണം നൽകിയത്. എന്നാൽ ജോലി ലഭിക്കാതായതോടെ കുടുംബം കടക്കണിയിലായെന്നും സിന്ധു പറയുന്നു.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ രാധുലും മാതാവും സർജുവിനെ സമീപിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. പക്ഷേ പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും ഇവർ പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും വിഷയത്തിൽ പരാതി കുടുംബം നൽകിയിട്ടുണ്ട്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും ബിജെപി പുനഃസംഘടന ലക്ഷ്യമിട്ട് സർജു തൊയ്ക്കാവിനെ രാഷ്ട്രീയമായി തകർക്കാനാണ് പരാതി ഉന്നയിക്കുന്നതെന്നാണ് ബിജെപി ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം.