ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഐപിഎല്ലിൽ ഹൈദരാബാദിനെ 4 വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. 163 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കെ മറികടന്നാണ് മുബൈ സ്വന്തം തട്ടകത്തിൽ കഴിവ് തെളിയിച്ചത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനം മുംബൈയ്ക്ക് കരുത്തായി മാറി. സീസണിൽ മുംബൈയുടെ രണ്ടാം വിജയമാണിത്. ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 26 പന്തില്‍ 36 റണ്‍സെടുത്ത വില്‍ ജാക്സാണ് മുംബൈയുടെ ടോപ് സ്കോറര്‍. റിയാൻ റിക്കിൾടണ്‍ 23 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും 26 റണ്‍സ് വീതമെടുത്തു.
കരുതലോടെയാണ് മുംബൈ കളി തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ രോഹിത് ശര്‍മയ്ക്കും റിയാന്‍ റിക്കിള്‍ടണും നേടാനായത് ഏഴ് റണ്‍സ് മാത്രമാണ്. മുഹമ്മദ് ഷമിയുടെ മൂന്നാം ഓവറിൽ രോഹിത് ഫോമിലേക്ക് ഉയർന്നെങ്കിലും വളരെ വേഗം തന്നെ മടങ്ങിപ്പോയി.വാങ്കഡെയിൽ സിക്സറിൽ സെഞ്ച്വറിയടിച്ച് എന്നാൽ തിളക്കമാർന്ന മറ്റൊരു നേട്ടം കൂടി ഉറപ്പിച്ചായിരുന്നു രോഹിതിൻ്റെ മടക്കം. ഒരു മൈതാനത്ത് നൂറ് സിക്സറുകൾ പായിച്ച താരങ്ങളുടെ പട്ടികയിലാണ് രോഹിത് ഇടം പിടിച്ചത് ക്രസ് ഗെയ്ൽ, വിരാട് കോലി, എബി ഡിവില്ലേഴ്സ് എന്നിവരാണ് രോഹിതിന് മുൻപ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
രോഹതിന് പിന്നാലെ സൂര്യകുമാറും വില്‍ ജാക്സും വീണെങ്കിലും തിലക് വര്‍മയും (17 പന്തില്‍ 21*) ഹാര്‍ദ്ദിക് പാണ്ഡ്യയും (9 പന്തില്‍ 21) ചേര്‍ന്ന് മുംബൈയെ വിജയത്തിനടുത്ത് എത്തിച്ചു. വിജയത്തിന് ഒരു റണ്ണകലെ ഹാര്‍ദിക്കും നമാൻ ധിറും മടങ്ങിയത് ആശങ്കപ്പെടുത്തിയെങ്കിലും സാന്‍റ്നറെ കൂട്ടുപിടിച്ച് തിലക് വര്‍മ മുംബൈയ്ക്ക് വിജയം സമ്മാനിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്‍റെ ബാറ്റിംഗ് പുലികൾക്ക് മുംബൈ ബൗളര്‍മാര്‍ തടയിട്ടു. 20 ഓവറില്‍ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റൺസ് മാത്രമാണ് നേടാനായത്. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 29 പന്തില്‍ 28 റൺസെടുത്തപ്പോള്‍ ഹെന്‍റിച്ച് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സടിച്ചു. മുംബൈക്കായി വില്‍ ജാക്സ് മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.