fbwpx
സഖാവ് ഇനി പാഠപുസ്തകം, മൃതദേഹം എയിംസിന്; അന്ത്യ യാത്രയിൽ അനുഗമിച്ച് വൻ ജനാവലി
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Sep, 2024 07:19 PM

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നിന്നും വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു യെച്ചൂരിയുടെ അന്ത്യയാത്ര

SITARAM YECHURY


സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നിന്നും വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു യെച്ചൂരിയുടെ അന്ത്യയാത്ര. മൃതദേഹം എകെജി ഭവനിൽ പൊതു ദർശനത്തിന് ശേഷം 14 അശോക റോഡ് വരെ വിലാപ യാത്രയായി കൊണ്ടുപോയിരുന്നു. അവിടെ നിന്ന് ആംബുലൻസിൽ മൃതദേഹം എയിംസിൽ എത്തിച്ച് കൈമാറുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്.

യെച്ചൂരിക്ക് അന്ത്യഘട്ടത്തിൽ ചികിത്സ നൽകിയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് തന്നെയാണ് മൃതശരീരം കൈമാറിയത്. വിദ്യാർഥികൾക്ക് പഠനത്തിനായി സ്വന്തം ശരീരം സമർപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിദ്യാർത്ഥികളുടെ വൈദ്യശാസ്ത്ര പഠനത്തിനായാണ് മൃതദേഹം ഉപയോഗിക്കുക. നേരത്തെ അമ്മ കൽപ്പകത്തിൻ്റെ മൃതദേഹം 2021ൽ എയിംസിന് കൈമാറിയിരുന്നു.

എയിംസിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് മുന്നോടിയായി കുടുംബാംഗങ്ങളുടെയും പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും നേതൃത്വത്തിൽ വൈകാരികമായ യാത്രയയപ്പാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, എം.എ. ബേബി തുടങ്ങിയവരും ഇങ്ക്വിലാബ് വിളിച്ചാണ് പ്രിയ സഖാവിന് വിടചൊല്ലിയത്.

READ MORE: പ്രിയ സഖാവിന് അന്ത്യാഭിവാദ്യം; വസന്ത്കുഞ്ചിലെത്തി മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കേന്ദ്രമന്ത്രി ജെ.പി. നദ്ദ സിപിഎം ആസ്ഥാനത്തെത്തി ആദരാഞ്ജലിയർപ്പിച്ചു. ഇതിന് പുറമെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി (ശരദ് പവാർ) വിഭാഗം അധ്യക്ഷൻ ശരദ് പവാർ തുടങ്ങി... ഡിഎംകെ, ആർജെഡി, ആം ആദ്മി, കോൺഗ്രസ് (എം) തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സിപിഎം നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.


കേരളത്തിൽ നിന്ന് പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി എന്നിവർക്ക് പുറമെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, പി. രാജീവ്, തോമസ് ഐസക് എന്നിവരും പ്രിയനേതാവിനെ കാണാൻ ഡൽഹിയിൽ എത്തിയിരുന്നു.

READ MORE: ഇനിയൊരു മടക്കമില്ലെന്നറിയാം; വസന്ത്കുഞ്ജിലെ വീട്ടില്‍ നിന്നും സഖാവിനെ യാത്രയാക്കി സീമ ചിസ്തി

എസ്എഫ്ഐയുടെ ദേശീയ നേതാക്കളും പ്രിയസഖാവിന് യാത്രയയപ്പ് നൽകാനെത്തിയിരുന്നു. വി.പി. സാനു, ആർഷോ എന്നിവരും കൂട്ടത്തിലുണ്ടായിരുന്നു. ചരിത്രകാരി റോമില ഥാപ്പർ ഉൾപ്പെടെയുള്ള പ്രമുഖരും സഖാവ് സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചു.

ശനിയാഴ്‌ച മൃതദേഹം ന്യൂഡൽഹിയിലെ എയിംസിന്‌ കൈമാറിയതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സർവകക്ഷി മൗനജാഥകളും അനുശോചനാ യോഗങ്ങളും ചേരും.


എകെജി സെൻ്റർ അടക്കമുള്ള പാർട്ടി ഓഫീസുകളിൽ സ്ഥാപിച്ച ഛായാ ചിത്രങ്ങളിൽ പുഷ്‌പാഞ്‌ജലി അർപ്പിക്കാൻ രാഷ്‌ട്രീയ കക്ഷിഭേദമന്യേ നൂറുകണക്കിന് പേർ എത്തിയിരുന്നു.

യെച്ചൂരി അന്തരിച്ച വാർത്തയറിഞ്ഞ ഉടൻ കേരളത്തിലുടനീളം സിപിഎം പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ദുഃഖാചരണമാണ്‌ പാർട്ടി ആചരിക്കുക. പലയിടത്തും മൗനജാഥകൾ നടന്നു.


Also Read
user
Share This

Popular

KERALA
KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ